ഹരിയാന: പല്‍വാള്‍ ജില്ലയില്‍ ഹാഫിസ് സെയ്ദിന്റെ ലക്ഷ്വറി ത്വയ്ബയുടെ ഫണ്ടുപയോഗിച്ച് മുസ്ലീം പള്ളി പണിതതായി എന്‍ഐഎ കണ്ടെത്തല്‍. പാക്കിസ്ഥാനാണ് ഇതിനുള്ള എല്ലാ സഹായങ്ങളും നല്‍കിയതെന്നാണ് വിശദീകരണം.
ഈ മാസം മൂന്നാം തീയതിയാണ് പള്ളിയില്‍ എന്‍ഐഎ സംഘമെത്തി പരിശോധന നടത്തിയത്. തീവ്രവാദ ഫണ്ടിംഗ് കേസില്‍ അറസ്റ്റിലായ മസ്ജിദിലെ ഇമാം മുഹമ്മദ് സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് പള്ളിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ചത്. പള്ളിയിലെ അക്കൗണ്ട് ബുക്കുകളും സംഭാവനകളും മറ്റ് സാമ്പത്തിക ഇടപാട് രേഖകളും എന്‍ഐഎ പിടിച്ചെടുത്തു. സല്‍മാന് തീവ്രവാദ സംഘടനുമായുള്ള ബന്ധം അറിയില്ലെന്നാണ് പ്രദേശവാസികള്‍ നല്‍കിയിരിക്കുന്ന മൊഴി.
സല്‍മാന്‍, മുഹമ്മദ് സലീം, സജ്ജദ് അബ്ദുള്‍ വാനി എന്നിവരാണ് സെപ്തംബര്‍ 26ന് തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. എല്‍ഇറ്റിയുടെ മാതൃ സംഘടനയായ എഫ്‌ഐഎഫ് ആണ് ആവശ്യമായ ധനം ദുബായില്‍ നിന്നും എത്തിച്ചു കൊടുക്കുന്നത്. 70 ലക്ഷം രൂപ ഇത്തരത്തില്‍ മസ്ജിദിന്റെ നിര്‍മ്മാണത്തിനായി ലഭിച്ചു എന്നാണ് കണ്ടെത്തല്‍. സല്‍മാനാണ് ഇതിനു പിന്നിലുള്ള സൂത്രധാരന്‍. എങ്ങനെയാണ് ഈ പുറത്തു നിന്നുള്ള പണം പള്ളിയുടെ അധികാരികള്‍ ഉപയോഗപ്പെടുത്തിയത് എന്നാണ് പ്രധാനമായും അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്.
സല്‍മാന്‍ പള്ളി പണിയുന്നതിനാവശ്യമായ വലിയ തുക നല്‍കിയപ്പോള്‍ പ്രദേശവാസികള്‍ അതിനുള്ള സ്ഥലം കണ്ടെത്തി നല്‍കി. ഗ്രാമവാസികള്‍ക്ക് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. 10 ഏക്കര്‍ സ്ഥലമാണ് ഇത്തരത്തില്‍ പള്ളിക്കായി കണ്ടെത്തിയത്. ദുബായില്‍ താമസക്കാരനാക്കിയ പാക്കിസ്ഥാന്‍ പൗരനുമായി ഇമാം മുഹമ്മദ് സല്‍മാന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. അതുവഴിയാണ് എഫ്‌ഐഎഫുമായി ബന്ധം സ്ഥാപിക്കുന്നത്. ഹവാല പണമിടപാടുകളാണ് ഇവര്‍ പ്രധാനമായും നടത്തിയിരുന്നത്.
2016ലെ ഓര്‍ഡര്‍ പ്രകാരം എഫ്‌ഐഎഫ് പ്രധാനപ്പെട്ട തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നതാണ്.
എന്നാല്‍ സല്‍മാനെക്കുറിച്ച് എന്‍ഐഎ പറയുന്നത് വിശ്വസിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ തയ്യാറാകുന്നില്ല. സല്‍മാന്‍ നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തില്‍ പെട്ടയാളാണെന്നും കുടുംബത്തിലെ ആരും തന്നെ ഇതിനു മുന്‍പ് ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നും പള്ളി പ്രശ്‌നത്തില്‍ ചിലര്‍ നടത്തുന്ന അനാവശ്യ തടസ്സങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.
ടാക്‌സി ബിസിനസും പാല്‍ ഉല്‍പ്പാദനവും ഒക്കെയായി ജീവിച്ചിരുന്ന ആളാണ് സല്‍മാന്‍. എന്നാല്‍, ബിസിനസ് തകര്‍ന്നകതോടെ അദ്ദേഹം വിദേശത്തേയ്ക്ക് പോയി. സൗദി അറേബ്യയില്‍ വച്ചാണ് പാക്കിസ്ഥാന്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്. 6 മൊബൈല്‍ ഫോണുകളും 18 ലക്ഷം രൂപയും എന്‍ ഐ എ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.