ദില്ലി: ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ അക്രമത്തിനിരയായവർക്ക് അഭയം നൽകിയ യുവാവിന്റെ വീടും ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അനീഷ് എന്നയാളുടെ വീടാണ് അധികൃതർ തകർത്തത്. കലാപം ആരംഭിച്ച ജൂലൈ 31ന് ഹിസാർ സ്വദേശിയായ രവീന്ദർ ഫോഗട്ടിനും രണ്ട് സുഹൃത്തുക്കൾക്കും നേരെയാണ് അക്രമണമുണ്ടായത്. എന്നാൽ, ഇവരെ ചേർത്തുപിടിച്ച അനീഷ് മൂവർക്കും അഭയം നൽകി. ഭക്ഷണം നൽകി മൂവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ദ ഹിന്ദുവാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പൊതുമരാമത്ത് കരാറുകാരനാണ് രവീന്ദർ ഫോഗട്ട്. സംഭവദിവസം, നൂഹ് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ച റോഡ് പരിശോധിച്ച ശേഷം ഫോഗട്ടും സുഹൃത്തുക്കളും ബദ്കാലിയിൽ നിന്ന് കാറിൽ മടങ്ങുകയായിരുന്നു. എന്നാൽ, ഉച്ചയ്ക്ക് ഒരു മണിയോടെ നുഹിലെ ഝന്ദ പാർക്കിന് സമീപം കാറിന് നേരെ കല്ലേറുണ്ടായി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ പൊലീസിനെ കണ്ടു. കാർ നിർത്തരുതെന്നാണ് പൊലീസ് പറഞ്ഞത്. ടൈൽസ് ഷോറൂമിൽ എത്തിയപ്പോൾ മുന്നിൽ ജനക്കൂട്ടത്തെ വരുന്നതുകണ്ടു. ഞങ്ങൾ കാർ നിർത്തി പ്രാണരക്ഷാർത്ഥം ഓടി ഒരു വീടിനുള്ളിൽ കയറി. അനീഷിന്റേതായിരുന്നു വീട്. അദ്ദേഹം ഞങ്ങൾക്ക് ഭക്ഷണവും അഭയവും നൽകി. ഞങ്ങൾക്ക് ധൈര്യം പകർന്നു. ഒടുവിൽ ഞങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തെന്ന് രവീന്ദർ പറഞ്ഞു. കാർ അക്രമികൾ കത്തിച്ചു. അനീഷ് മൂവരെയും സ്വന്തം കാറിൽ നൂഹിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ എത്തിച്ചു. അവിടെ രാത്രി തങ്ങിയ ശേഷം അടുത്ത ദിവസം സോഹ്ന ബിജെപി എംഎൽഎ സഞ്ജയ് സിങ്ങിന്റെ കാറിൽ ഹിസാറിലേക്കും പുറപ്പെട്ടു.
എന്നാൽ സംഭവത്തിന് ആറുദിവസത്തിന് ശേഷം അനീഷിന്റെ വീട്ടിലേക്ക് ബുൾഡോസറുകൾ എത്തി. അനീഷിന്റെ വീട് പൊളിക്കുന്നത് തടയാൻ രവീന്ദർ ഫോഗട്ട് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്രമികളിൽ നിന്ന് അനീഷാണ് അഭയം നൽകിയതെന്നും കലാപത്തിൽ അനീഷിന് യാതൊരു പങ്കുമില്ലെന്നും രവീന്ദർ പൊലീസിനോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. വീട് ഗുരുഗ്രാം-അൽവാർ ദേശീയപാതക്ക് അഭിമുഖമായാണ് അനീഷിന്റെ വീട്. അനീഷിന്റെ വീടിന്റെ വലതുഭാഗത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് നൾഹാറിലെ ശിവക്ഷേത്രം. വീടിന്റെ സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോയിരുന്നത്. മതപരമായ ഘോഷയാത്രക്ക് നേരെ ആക്രമണമുണ്ടായ ഭാഗങ്ങളിലെ മുഴുവൻ കെട്ടിടങ്ങളും അധികൃതർ പൊളിച്ചുനീക്കുകയാണെന്ന് ആരോപണമുയർന്നു.
രണ്ട് ട്രക്കുകളുടെ ഉടമയാണ് ചെറുകിട വ്യവസായും രാജസ്ഥാൻ സ്വദേശിയുമായ അനീഷ്, മൂന്ന് വർഷം മുമ്പാണ് നുഹിൽ സ്ഥിരതാമസമാക്കിയത്. വീട് പൊളിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സുഹൃത്താണ് സംഭവം വിളിച്ചുപറഞ്ഞതെന്നും അനീഷ് പറഞ്ഞു.