അഴുകി നശിച്ച നിലയില്‍ ഹരിയാനയില്‍ മലയാളി കുടുംബത്തിന്റെ മൃതദേഹം

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ അഴുകി നശിച്ച നിലയില്‍ ഹരിയാന ഫരീദാബാദിലെ വാടക വീട്ടിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മലയാളി സഹോദരങ്ങളായ നീന മാത്യൂ, മീന മാത്യൂ, ജയ, പ്രദീപ് എന്നിവരുടെ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ദുര്‍മന്ത്രവാദത്തിന് വിധേയമായി ഡല്‍ഹി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ രീതിയിലുമുള്ള അന്വേഷണം നടക്കുമെന്നും സുരാജ്ഖുണ്ഡ് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ വിഷാല്‍ കുമാര്‍ വ്യക്തമാക്കി.

കുടുംബം താമസിച്ചിരുന്ന വാടക വീട്ടിനുള്ളില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളുടെ പരാതിയില്‍ പരിശോധന നടത്തിയ പൊലീസാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു നാല് മൃതദേഹങ്ങളും. ഇവയ്ക്ക് നാല് മുതല്‍ അഞ്ച് ദിവസം വരെ പഴക്കമുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

അവിവാഹിതരായ സഹോദരങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഹരിയാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഇവരുടെ പിതാവ് ആറ് മാസങ്ങള്‍ക്ക് മുമ്പും മാതാവ് രണ്ട് മാസങ്ങള്‍ക്ക് മുമ്പുമാണ് മരിച്ചത്. ഇതിന് ശേഷം സഹോദരങ്ങള്‍ കൂടുതല്‍ പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

Top