ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി ; സോണിയയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം

ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിൽ ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി. സീറ്റ് കച്ചവടം നടന്നെന്നാരോപിച്ച് ഹരിയാന പ്രദേശ് കോൺഗ്രസ് മുൻ അധ്യക്ഷൻ അശോക് തൻവറും കോൺഗ്രസ് പ്രവർത്തകരും അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ അഴിമതി ഉണ്ടെന്ന് തൻവർ പറഞ്ഞു. മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷൻ ഭൂപേന്ദ്ര ഹൂഡയ്ക്കെതിരെയാണ് തൻവീറിന്റെ ആരോപണം. പാർട്ടിക്കുവേണ്ടി കൂടുതൽ കാലം പ്രവർത്തിച്ചവരെ ഒഴിവാക്കിയെന്ന് തന്‍വർ ആരോപിച്ചു.

സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടുപ്പക്കാര്‍ക്ക് സീറ്റുകള്‍ വില്‍ക്കുകയാണ്. റോബര്‍ട്ട് വദ്രയെ അനുകൂലിക്കുന്നവര്‍ക്കാണ് സീറ്റുകള്‍ വില്‍ക്കുന്നത്. ഗാന്ധി കുടുംബം പാദസേവകരെയാണ് പിന്തുണയ്ക്കുന്നതെന്നും തന്‍വാര്‍ അനുകൂലികള്‍ ആരോപിച്ചു.

സോഹ്‌ന സീറ്റ് അഞ്ചുകോടി രൂപക്ക് കോണ്‍ഗ്രസ് വിറ്റുവെന്നും അദ്ദേഹം ആരോപിച്ചു. തന്‍വാര്‍ അനുകൂലികളായ നൂറുകണക്കിനു പേരാണ് പ്രതിഷേധവുമായി സോണിയയുടെ വസതിക്കു പുറത്തെത്തിയത്.

അതേസമയം, പ്രതിഷേധത്തേക്കുറിച്ചോ തവന്‍വാറിന്റ ആരോപണങ്ങളേക്കുറിച്ചോ തുടര്‍നടപടികളേക്കുറിച്ചോ കോണ്‍ഗ്രസ് ദേശീയ – സംസ്ഥാന നേതൃത്വങ്ങള്‍ പ്രതികരിച്ചിട്ടില്ല.

Top