സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ? അറിയാം, ഗൂഗിളിന്റെ പുതിയ ഫീച്ചര്‍; ഗൂഗിള്‍ ഡാര്‍ക്ക് വെബ്

മ്മുടെ വിവരങ്ങളൊക്കെ ഡാര്‍ക്ക് വെബിലൂടെ ചോര്‍ന്നിട്ടുണ്ടോ എന്നറിയാനായി ഗൂഗിള്‍ ഒരു പുതിയ ഫീച്ചര്‍ രൂപകല്പന ചെയ്തിരിക്കുകയാണ്. സൈബര്‍ ലോകത്തെ ഇരുണ്ട ഇടനാഴിയാണ് ഡാര്‍ക്ക് വെബെന്നാണ് പറയപ്പെടുന്നത്. ഗൂഗിള്‍ ഡാര്‍ക്ക് വെബ് റിപ്പോര്‍ട്ട് ഇന്ത്യയിലും മറ്റു ചില പ്രദേശങ്ങളിലും ലഭ്യമാണ്. ഉപയോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരിരക്ഷിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണിത്.

വരും ആഴ്ചകളില്‍ ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ അനുസരിച്ച് സ്വകാര്യ വിവരങ്ങള്‍ വല്ലതും ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടോയെന്നും മറ്റും അറിയാനായി ഡാര്‍ക്ക് വെബ് സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കും. ഏതെങ്കിലും വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയാല്‍, ഗൂഗിള്‍ ഒരു നോട്ടിഫിക്കേഷന്‍ നല്‍കുകയും സ്വയം പരിരക്ഷിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് സംസാരിക്കുകയും ചെയ്യും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഒരു ഉപഭോക്തൃ അക്കൗണ്ടും പണമടച്ചുള്ള ഗൂഗിള്‍ വണ്‍ അംഗത്വവും ഉണ്ടായിരിക്കണം.

സ്വകാര്യ വിവരങ്ങള്‍ക്കായി ഡാര്‍ക്ക് വെബ് നിരീക്ഷിക്കാന്‍ ഒരു പ്രൊഫൈല്‍ സജ്ജീകരിക്കാനും അവസരമുണ്ട്. ഏതെങ്കിലും വിവരങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തിയാല്‍ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ നല്കും. പണമടച്ചുള്ള ഗൂഗിള്‍ വണ്‍ അംഗത്വം ഇല്ലെങ്കില്‍പ്പോലും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ വിലാസത്തിനായി ഡാര്‍ക്ക് വെബ് റിപ്പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാകും.

ഇത് പരീക്ഷിക്കാനായി ഗൂഗിള്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പുചെയ്ത് ഡാര്‍ക്ക് വെബ് റിപ്പോര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അടുത്ത പേജില്‍, റണ്‍ സ്‌കാന്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക. സ്‌കാന്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം. പൂര്‍ത്തിയായ ശേഷം റിസള്‍ട്ട് പരിശോധിക്കുക. ഐഡന്റിറ്റി മോഷണം നേരത്തേ കണ്ടുപിടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

Top