ഒടിടി എന്ന കുമിള പൊട്ടിയോ; മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടി ഇതുവരെ വിറ്റുപോയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ചെന്നൈ: സിനിമ തിയേറ്റര്‍ റിലീസായാലും ചിത്രത്തിന്റെ ഒടിടി റിലീസിനും ഒരു ലൈഫ് ഉണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും ഒടിടി റിലീസ് വലിയ ആശ്വാസമായിരുന്നു. ഒരു വലിയ വരുമാനം ആ വഴിയും വരുന്നു. ചിലപ്പോള്‍ തീയറ്ററില്‍ വലിയ ലാഭം ഉണ്ടാകാതിരുന്ന ചിത്രങ്ങള്‍ക്ക് ഒടിടി വില്‍പ്പന വലിയ ലാഭം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒടിടിയുടെ ഈ നല്ലകാലം കഴിഞ്ഞുവെന്നാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ള തന്റെ പുതിയ പോസ്റ്റില്‍ പറയുന്നു. ഒടിടി എന്ന കുമിള പൊട്ടിയോ എന്ന ടൈറ്റിലിലാണ് ഈ പോസ്റ്റ്. ഇപ്പോള്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒടിടി ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് ശ്രീധര്‍ പിള്ള പോസ്റ്റില്‍ പറയുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍ 20 കോടിയാണ് ആവശ്യപ്പെടുന്നത് ഒടിടി റൈറ്റ്‌സ് നല്‍കാന്‍. എന്നാല്‍ പരമാവധി 10.5 കോടി മാത്രമാണ് എല്ലാ ഭാഷകള്‍ക്കും കൂടി ഓഫര്‍ ലഭിച്ചത്. ഇത് നിര്‍മ്മാതാവിനെ സംബന്ധിച്ച് കുറവാണ് എന്നാണ് ശ്രീധര്‍ പിള്ള പറയുന്നത്.

നേരത്തെ മലയാളം നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും ലാഭകരമായ കച്ചവടം ആയിരുന്നു ഒടിടി വില്‍പ്പന. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പ് പോലും പ്രധാന ഒടിടികളായ ഡിസ്‌നി പ്ലസ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ് ഇവര്‍ ആരെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സ് പോലെയുള്ള ഹിറ്റ് ചിത്രത്തെ 20 കോടിക്ക് കണ്ണുംപൂട്ടി എടുക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തീയറ്ററില്‍ മെഗാഹിറ്റായി മാറുന്ന ചിത്രങ്ങള്‍ 2-3 മാസം കഴിഞ്ഞ് മാത്രം റിലീസ് ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയില്‍ വലിയ തുകയ്ക്ക് അവ വാങ്ങുന്നതില്‍ കാര്യമില്ലെന്നാണ് ഒടിടി ഭീമന്മാരുടെ വിലയിരുത്തല്‍. അടുത്തിടെ ഹിറ്റായ പ്രേമലു, ഭ്രമയുഗം എന്നിവ മികച്ച തുകയ്ക്ക് തന്നെ വിറ്റുപോയി. എന്നാല്‍ ദിലീപിന്റെ ബാന്ദ്ര, തങ്കമണി അതുപോലെ 50 ഓളം മലയാള ചിത്രങ്ങള്‍ ഇപ്പോഴും ആരും വാങ്ങാതയിരിക്കുകയാണ്.

വിഷു ഈദ് റിലീസുകളില്‍ ഇതുവരെ ഒടിടി കച്ചവടം നടന്നത് ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ആവേശം മാത്രമാണ്. എന്നാല്‍ ആമസോണ്‍ പ്രൈം ഇത് എടുത്തത് ഏതാണ്ട് ഒരു വര്‍ഷം മുന്‍പുള്ള കരാര്‍ പ്രകാരമാണ്. ഇത് പ്രകാരം ഫഹദിന്റെ പ്രൊഡക്ഷനിലുള്ള 3 ചിത്രങ്ങള്‍ ആമസോണ്‍ എടുക്കും എന്നാണ് പറഞ്ഞത്. അതേ സമയം ആടുജീവിതം അടക്കം വില്‍പ്പനയ്ക്കായി ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം. തമിഴിലും സ്ഥിതി വ്യത്യസപ്പെടുന്നില്ല. വലിയ ചിത്രങ്ങള്‍ പോലും ഒടിടികള്‍ എടുക്കുന്ന തുക 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. അതേ സമയം താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങള്‍ വാങ്ങാന്‍ പോലും ആളില്ല എന്നതും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഒരു മീഡിയ അനലിസ്റ്റിന്റെ അഭിപ്രായ പ്രകാരം ഒരു മീഡിയ അനലിസ്റ്റിന്റെ വാക്കുകള്‍ പ്രകാരം, ഇപ്പോള്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഒരു മാറ്റത്തിന്റെ വക്കിലാണ്. ഉയര്‍ന്ന തുകയ്ക്ക് വാങ്ങുന്ന ചിത്രങ്ങളും, അത് കാണുന്നവരുടെ എണ്ണവും ഒട്ടും യോജിക്കുന്നില്ല. 2021-22-ലെ കൊവിഡ് കാലത്തിന് ശേഷമുള്ള വിലകള്‍ ഇനിയൊരിക്കലും ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ നിന്നും ലഭിക്കില്ല. 2022-ല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കിയ വിലയുടെ മൂന്നിലൊന്ന് വിലയ്ക്ക് ആയിരിക്കും സൌത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ ഒടിടി എടുക്കാന്‍ സാധ്യത എന്നാണ് – ശ്രീധര്‍ പിള്ളയുടെ വിലയിരുത്തലില്‍ വ്യക്തമാക്കുന്നത്.

Top