അന്താരാഷ്ട്ര കിക്കറ്റില്‍ ഇനിയില്ല: വിരമിക്കല്‍ പ്രഖ്യാപിച്ച് ഹാഷിം അംല

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36കാരനായ അംല കഴിഞ്ഞ ദിവസമാണ് വിരമിക്കില്‍ പ്രഖ്യാപനം നടത്തിയത്.

15 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനിടെ 349 മത്സരങ്ങളിലായി 18,000 റണ്‍സിലേറെ അടിച്ചെടുത്ത താരം 55 സെഞ്ച്വറികളും 88 അര്‍ധ സെഞ്ച്വറികളും കുറിച്ചിട്ടുണ്ട്. പ്രോട്ടീസ് നിരയില്‍ ഏക ട്രിപ്ള്‍ സെഞ്ച്വറിക്ക് ഉടമയാണെന്നതിനു പുറമേ ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവക്കെതിരെ സ്വന്തം രാജ്യത്തിനായി ഏറ്റവും വലിയ ഇന്നിങ്‌സിനുടമയും അംലയാണ്.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് അംലയ്ക്കു സ്വന്തമാണ്. 2012 ഇംഗ്ലണ്ടിനെതിരേ ഓവലില്‍ വച്ചാണ് 311 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. ലോകകപ്പ് തോല്‍വിക്കു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍നിന്നു വിരമിക്കുന്ന രണ്ടാമത്തെ പ്രധാനതാരമാണ് ഹാഷിം അംല. ഏകദിനത്തില്‍ 27 സെഞ്ച്വറികള്‍ കുറിച്ചിട്ടുണ്ട്. 2010, 13 വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

വലംകൈയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനായ ഹാഷിം അംല 124 ടെസ്റ്റുകളില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സും 181 ഏകദിനങ്ങളില്‍ നിന്ന് 49.46 ശരാശരിയില്‍ 8113 റണ്‍സുകളും നേടിയിരുന്നു. ഫാസ്റ്റ് ബൗളര്‍ ഡാലെ സ്റ്റെയിനും തിങ്കളാഴ്ച ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

Top