10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് മുഹമ്മദ് ഷമിയുടെ ഭാര്യ കോടതിയില്‍

കൊല്‍ക്കത്ത: 10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയില്‍. വിവാഹേതരബന്ധം ആരോപിച്ച് ഷമിക്കെതിരെ ഹസിന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം ഷമിക്കും കുടംബത്തിനുമെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളില്‍ 15 ദിവസത്തിനുള്ളില്‍ ഹാജരാകാനാണ് കോടതി ഷമിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

മെയ് നാലിനാണ് കേസില്‍ ഇനി വാദം കേള്‍ക്കുക. ഷമിക്കു പുറമെ അമ്മ, സഹോദരി, സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പരാതി. മാര്‍ച്ച് എട്ടിന് ഇവര്‍ക്കെല്ലാം എതിരെ തന്നെയാണ് ജഹാന്‍ യാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതി കൊടുത്തതിന് ശേഷം ഷമി ഒരു രൂപ പോലും ഭാര്യക്ക് നല്‍കിയിട്ടില്ലെന്ന് ജഹാന്റെ അഭിഭാഷകന്‍ പറയുന്നു. ഷമി നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങുകയും ചെയ്തു. 100 കോടി രൂപ വരുമാനമുള്ള ഷമിക്ക് മാസം 10 ലക്ഷമെന്നത് വലിയ തുകയല്ലെന്നും അഭിഭാഷകന്‍ പറയുന്നു. ഭാര്യയെയും മകളെയും സംരക്ഷിക്കേണ്ടത് ഷമിയുടെ ചുമതലയാണ്. ഏഴ് ലക്ഷം ജഹാനും മൂന്ന് ലക്ഷം മകള്‍ക്കുമായാണ് നല്‍കേണ്ടത്. യാദവ്പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top