ജനാധിപത്യ പരീക്ഷണത്തിന്‍റെ വേദി ; ബംഗ്ലാദേശില്‍ ഞായറാഴ്ച്ച പൊതുതിരഞ്ഞെടുപ്പ്

sheikh hasina

ധാക്ക : ബംഗ്ലാദേശില്‍ ഞായറാഴ്ച്ച പൊതുതിരഞ്ഞെടുപ്പ് നടക്കും. കടുത്ത വിവാദങ്ങള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയിലും ശൈഖ് ഹസീന തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പറയുന്നത്.

ഭരണ കക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ജാതീയ ഐക്യമുന്നണിയും തമ്മിലാണ് പ്രധാന മത്സരം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. ബി.എന്‍.പി നേതൃത്വത്തിലുള്ള മുന്നണി സജീവമായി രംഗത്തുണ്ടെങ്കിലും പ്രചരത്തില്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തന്നെയായിരുന്നു മുന്‍ തൂക്കം.

മൂന്നാം തവണ രാജ്യത്തിന്‍റെ അധികാരത്തിലെത്താനാണ് ഷെയ്ക്ക് ഹസീനയും അവാമി ലീഗും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

അതേസമയം പരസ്യപ്രചാരണം വെള്ളിയാഴ്ച അവസാനിച്ചതിനുശേഷവും രാജ്യത്ത് സംഘര്‍ഷം തുടരുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ തടസ്സപ്പെട്ടു. പ്രതിപക്ഷപ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റുചെയ്യപ്പെടുന്നതും കലാപങ്ങള്‍ തുടരുന്നതും അന്താരാഷ്ട്രതലത്തില്‍ ആശങ്കയുണര്‍ത്തുന്നു.

വടക്കുകിഴക്കന്‍ നഗരമായ സില്‍ഹട്ടില്‍ ഭരണപാര്‍ട്ടിയായ അവാമി ലീഗ് പ്രവര്‍ത്തകരും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി.) പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു അവാമി ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

Top