നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍, ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ പാക് ആരാധകരോട് ഹസന്‍ അലി

ദുബായ്: ട്വന്റി-20 ലോകകപ്പില്‍ കിരീടപ്രതീക്ഷ ഏറെയുണ്ടായിരുന്ന ടീമാണ് പാകിസ്താന്‍. എന്നാല്‍ സൂപ്പര്‍ 12-ലെ മിന്നില്‍ കുതിപ്പിന് ശേഷം സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു മടങ്ങാനായിരുന്നു അവരുടെ വിധി. ഈ തോല്‍വിയില്‍ ആരാധകര്‍ പഴിച്ചത് പേസ് ബൗളര്‍ ഹസന്‍ അലിയെയാണ്.

ഓസ്‌ട്രേലിയയുടെ മാത്യു വെയ്ഡിന്റെ നിര്‍ണായകമായ ക്യാച്ച് കൈവിട്ടതാണ് ഹസന്‍ അലി ചെയ്ത തെറ്റ്. ജീവന്‍ തിരിച്ചുകിട്ടിയ വെയ്ഡ് ഷഹീന്‍ അഫ്രീദിയെ തുടരെ മൂന്നു സിക്‌സര്‍ അടിച്ച് ഓസീസിന് സ്വപ്നവിജയം സമ്മാനിച്ചു. ഇതോടെ ഹസന്‍ അലികെത്തിരേ സോഷ്യല്‍ മീഡിയയില്‍ പാക് ആരാധകരുടെ ട്രോളുകള്‍ കൊണ്ട് നിറഞ്ഞു. ഹസന്‍ അലിയുടെ ഇന്ത്യക്കാരിയായ ഭാര്യക്കെതിരെയും ഭീഷണികളുണ്ടായി.

ഇതിനെല്ലാമിടയില്‍ പ്രതികരണവുമായി ഹസന്‍ അലി രംഗത്തെത്തി. തോല്‍വിയില്‍ ഏറ്റവും നിരാശന്‍ താന്‍ തന്നെയാണെന്നും ആരാധകര്‍ ക്ഷമിക്കണമെന്നും ഹസന്‍ അലി പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു ഹസന്‍ അലിയുടെ ക്ഷമാപണം. ‘എന്റെ മോശം പ്രകടനം കാരണം എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലും ആണെന്ന് എനിക്കറിയാം. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ഇതില്‍ എല്ലാവരേക്കാളും നിരാശ എനിക്കു തന്നെയാണ്. എങ്കിലും എന്നിലുള്ള പ്രതീക്ഷ നിങ്ങള്‍ കൈവിടരുത് എന്ന് അപേക്ഷിക്കുന്നു. ഇനിയും പാകിസ്താന്‍ ക്രിക്കറ്റില്‍ കളിക്കണമെന്നാണ് ആഗ്രഹം. അതിനായി എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. ഈ വീഴ്ച്ച എന്നെ കൂടുതല്‍ കരുത്തനാക്കും.’ ഹസന്‍ അലി ട്വീറ്റില്‍ കുറിച്ചു.

ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തിലാണ് വെയ്ഡിന്റെ ക്യാച്ച് ഹസന്‍ അലി കൈവിട്ടത്. ഇതാണ് പാക് തോല്‍വിയില്‍ നിര്‍ണായകമായതെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം വ്യക്തമാക്കിയിരുന്നു. മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ബാബറിന്റെ ഈ പ്രതികരണം. എന്നാല്‍ പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹസന്‍ അലിയെ പിന്തുണച്ചാണ് ബാബര്‍ രംഗത്തെത്തിയത്. ക്യാച്ചുകള്‍ കൈവിട്ടു പോകുന്നത് സ്വാഭാവികമാണെന്നും എല്ലാം കളിയുടെ ഭാഗമാണെന്നുമായിരുന്നു ബാബറിന്റെ പ്രതികരണം.

 

Top