ഹാച്ച്ബാക്കായ ‘ജാസി’ന്റെ വൈദ്യുത പതിപ്പ് പുറത്തിറക്കാന്‍ ഹോണ്ട തയ്യാറെടുക്കുന്നു. ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും 300 കിലോമീറ്റര്‍ ഓടാന്‍ വൈദ്യുത ‘ജാസി’നു കഴിയുമെന്നാണു പ്രതീക്ഷ. 18,000 ഡോളര്‍(ഏകദേശം 12.20 ലക്ഷം രൂപ) രൂപ വിലയ്ക്കാവും ഹോണ്ട ഈ ‘ജാസ്’ വില്‍പ്പനയ്‌ക്കെത്തിക്കുയെന്നാണു സൂചന; ഇതോടെ നിലവില്‍ വിപണിയിലുള്ള വൈദ്യുത മോഡലുകളായ നിസ്സാന്‍ ‘ലീഫ്’, ടെസ്ല ‘മോഡല്‍ ത്രീ’ തുടങ്ങിയവയെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയ്ക്കാണു ഹോണ്ട ‘ജാസി’നെ പടയ്ക്കിറക്കുന്നത്.
വൈദ്യുത കാറുകള്‍ക്കു മികച്ച വിപണന സാധ്യതയുള്ള ചൈനീസ് വിപണി ലക്ഷ്യമിട്ടാണു ഹോണ്ട ബാറ്ററിയില്‍ ഓടുന്ന ജാസ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജാസിന്റെ വൈദ്യുതീകരണത്തിനായി ചൈനയിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മ്മാതാക്കളായ കണ്ടംപററി ആംപെറെക്‌സ് ടെക്‌നോളജി(സി എ ടി എല്‍)യുമായി ഹോണ്ട ധാരണയിലെത്തി. ഇന്ത്യയെ പോലെ വൈദ്യുത കാറുകള്‍ക്കും ഇരുചക്രവാഹനങ്ങളെയും രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ചൈനക്കാര്‍.
ഇളവുകളും ആനുകൂല്യങ്ങളുമൊക്കെ ലഭ്യമാകുന്നതിനാല്‍ ചൈനയ്ക്കു പിന്നാലെ ഈ ‘ജാസ്’ ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ ജാസ് വിപണിയിലെത്തിക്കുമോ എന്ന് ഹോണ്ട ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സങ്കര ഇന്ധന മോഡലുകളും വൈദ്യുത കാറുകളും വില്‍പ്പനയ്‌ക്കെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണു ‘ജാസ്’ ഇന്ത്യയിലുള്ളത്: 87 ബി എച്ച് പി വരെ കരുത്തും 110 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലീറ്റര്‍, ഐ വി ടെക് പെട്രോള്‍ എന്‍ജിനും; 1.5 ലീറ്റര്‍, ഐ ഡി ടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും. 98.6 ബി എച്ച് പി വരെ കരുത്തും 200 എന്‍ എം വരെ ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുക. പെട്രോള്‍ എന്‍ജിനൊപ്പം അഞ്ചു സ്പീഡ് മാനുവല്‍, സി വി ടി ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷനിലുള്ളത്.