വാലിബന്‍ എന്ന സിനിമയ്ക്ക് നേരെയുണ്ടാകുന്ന ഹെയ്റ്റ് ക്യാംപയിനുകള്‍ സിനിമയെ ബാധിക്കില്ല :ഹരീഷ് പേരടി

ലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയ്ക്ക് നേരെയുണ്ടാകുന്ന ഹെയ്റ്റ് ക്യാംപയിനുകള്‍ സിനിമയെ ബാധിക്കില്ലെന്ന് നടന്‍ ഹരീഷ് പേരടി. 43 വര്‍ഷത്തെ അഭിനയജീവിതത്തില്‍ നിരവധി ഹെയ്റ്റ് ക്യാംപയിനുകളെ മോഹന്‍ലാല്‍ വിജയിച്ചിട്ടുണ്ട്. അത് തന്നെയാണ് മലൈക്കോട്ടൈ വാലിബനിലും കാണാന്‍ സാധിക്കുന്നത്. സിനിമയെ കുടുംബങ്ങള്‍ ഏറ്റെടുത്തതായും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

’43 വര്‍ഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയിന്‍ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേര്‍ മോഹന്‍ലാല്‍ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്. ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്‍ക്കുന്ന ആളുകളെപോലെ. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തിയേറ്ററില്‍ എത്താന്‍ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്,’ ഹരീഷ് പേരടി കുറിച്ചു.ആദ്യ ഷോകള്‍ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങള്‍ വന്നെങ്കിലും കളക്ഷന്‍ കണക്കുകളില്‍ ചിത്രം പിന്നോട്ട് പോകുന്നില്ല.

മോഹന്‍ലാല്‍-എല്‍ജെപി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ രണ്ടു ചേരികളിലാണ് പ്രേക്ഷകര്‍. സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഒരു മുത്തശ്ശി കഥ പോലെ മനോഹരമായി എന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം.

Top