ക്ലബ്ബ് ഹൗസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം; അന്വേഷണം കേരളത്തിലേക്കും

ന്യൂഡല്‍ഹി: ക്ലബ്ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തില്‍ പ്രധാന പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയായ 18 കാരന്‍. കസ്റ്റഡിയിലെടുത്ത ലക്‌നൗ സ്വദേശിയായ 18കാരന്‍ ഡല്‍ഹി പൊലീസിന്റെ സൈബല്‍ സെല്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

ബിരുദ വിദ്യാര്‍ത്ഥിയായ ഇയാള്‍ വ്യാജനാമത്തിലാണ് ക്ലബ്ഹൗസില്‍ റൂം തുറന്നത്. സൈനിക സ്‌കൂളില്‍ അക്കൗണ്ടന്റാണ് കുട്ടിയുടെ അച്ഛന്‍. മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണ് ഓഡിയോ ചാറ്റ്‌റൂം ആരംഭിച്ചതെന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം മോഡറേറ്റര്‍ അവകാശം അയാള്‍ക്ക് കൈമാറുകയും ചെയ്തു. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്നുപേര്‍ പിടിയിലായിരുന്നു. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹരിയാനയില്‍നിന്നാണ് മൂന്ന് പേരെയും പിടികൂടിയത്. ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഡല്‍ഹി പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടു.

ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് ക്ലബ്ഹൗസിന് കത്തയച്ചിരുന്നു. അഞ്ചുപേരെ തിരിച്ചറിഞ്ഞെന്നും കൂടുതല്‍ പേരും ഡല്‍ഹിക്ക് പുറത്താണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതില്‍ ഒരാള്‍ മലയാളിയാണെന്നും സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്യലിന് ഡല്‍ഹിയില്‍ എത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top