കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ജോര്‍ജ് വീടുവിട്ടിരുന്നു. അതിനിടെ ജാമ്യത്തിനായി ജോർജ് ഹൈക്കോടതിയെ സമീപിക്കാൻ നടപടി തുടങ്ങി.
അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കിയാണ് പൊലീസ് വ്യാപക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നൈനാനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പുറത്തു പോയത്. തനിക്കൊപ്പം വരേണ്ടതില്ലെന്ന് ഗണ്‍മാനോട് ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. പിസി ജോര്‍ജുമായി പുറത്തു പോയ മാരുതി എസ് ക്രോസ് കാര്‍ ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ജോര്‍ജ് അതിലുണ്ടായിരുന്നില്ല.
മറ്റൊരു വാഹനത്തിലേക്ക് മാറി പിസി ജോര്‍ജ് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേരളം വിടാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല. ആ നിലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പിസി ജോര്‍ജ് വീട്ടില്‍ നിന്ന് കടന്ന മാരുതി എസ് ക്രോസ് കാര്‍ ബന്ധുവായ ഡെജോ പ്ലാന്തോട്ടത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ഡെജോയുടെ ഫോണ്‍ ഇന്നലെ മുതല്‍ സ്വിച്ച് ഓഫ് ആണ്. ഇയാളുടെ വീട്ടില്‍ ഇന്ന് പൊലീസ് പരിശോധന നടത്തി. ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ചായിരുന്നു പിസി ജോർജിന്റെ വിവാദ പ്രസംഗം. ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. വെണ്ണലയില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പ്രകോപന പരാമര്‍ശങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്ന് പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. മത സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.