ന്യൂഡല്‍ഹി: ഹത്രാസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംരക്ഷണം നല്‍കാത്തതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആക്രമണം നേരിട്ടവരെ യുപി സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഹത്രാസ് സംഭവത്തില്‍ രാജ്യം മുഴുവന്‍ സര്‍ക്കാരിനോട് ഉത്തരം തേടുകയാണെന്നും എല്ലാവരും ആ കുടുംബത്തിനൊപ്പമാണെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം, ഹത്രാസ് ബലാത്സംഗ കേസിലെ നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും. അലിഗഡ് ജയിലില്‍ കഴിയുന്ന പ്രതികളെ നുണപരിശോധനയ്ക്കായി ഗുജറാത്തിലേക്ക് കൊണ്ടുപോയി.
പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ കഴിഞ്ഞ മാസമാണ് സിബിഐ കേസ് ഏറ്റെടുത്തത്.