ലക്നൗ: ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴിയെടുക്കും. ഹാജരാകാന്‍ 3 പേര്‍ക്കും സിബിഐ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം സംഭവം സിബിഐ ഉദ്യോഗസ്ഥര്‍ പുനരാവിഷ്‌കരിക്കുകയും കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.
നാല് മണിക്കൂറാണ് സഹോദരനെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. അമ്മയുടെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തും. കൂടാതെ സഹോദരങ്ങളേയും അച്ഛനേയും സിബിഐ ഓഫീസിലെത്തിച്ചു. ഇന്ന് തന്നെ മൊഴിയെടുക്കും.
15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുനരാവിഷ്‌കരിച്ചത്. പെണ്‍കുട്ടിയെ ദഹിപ്പിച്ച സ്ഥലത്തു നിന്നും സിബിഐ തെളിവുകള്‍ ശേഖരിച്ചു. അതേസമയം, ഹത്രാസ് കേസ് ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിര്‍ക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. കൊലപാതകം, കൂട്ടബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐയുടെയും എഫ്‌ഐആര്‍. മാത്രമല്ല കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശം നല്‍കണമെന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.