ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഹത്രാസ്സിൽ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ച് പൊലീസ്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചത്. പൊലീസിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
സെപ്റ്റംബർ 14നാണ് ഹത്രാസ്സിലെ പെൺകുട്ടി കൊടിയ പീഡനത്തിനിരയായത്. ഉത്തർപ്രദേശിലെ ഹത്രാസ്സിൽ അമ്മയൊക്കൊപ്പം പുല്ല് വെട്ടാൻ പോകുന്നതിനിടെ നാല് പേര്‍ ചേർന്നാണ് 20കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ദുപ്പട്ട കൊണ്ട് കഴുത്തുമുറുക്കി അതിക്രൂരമായ പീഢനത്തിനിരയാക്കിയ ശേഷം പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ച് കളഞ്ഞിരുന്നെന്ന് ആശുപ്രതി അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇരുപതുകാരിയെ അലിഗഢിലെ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും യുവതി ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യം പരാതി സ്വീകരിക്കാന്‍ പോലും ഉത്തര്‍പ്രദേശ് പൊലീസ് തയ്യാറായില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നാല് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
എന്നാൽ ഈ കേസിലെ പൊലീസ് സമീപനത്തിൽ പ്രതിഷേധം പുകയുകയാണ്. കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് പ്രവർത്തിക്കുന്നതായാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. നിർബന്ധിച്ച് മൃതദേഹം സംസ്കരിച്ചത് പൊലീസിന് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നും ബന്ധുക്കൾ ആരോപിച്ചു. ഇന്ന് പുലർച്ചെ പെൺകുട്ടിയുടെ ബന്ധുക്കളെ വീട്ടിൽ പൂട്ടിയിട്ടിട്ടാണ് പൊലീസുകാർ മൃതശരീരം സംസ്കരിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
അതിനിടെ പൊലീസിനെതിരെ കടുത്ത വിമർശനവുമായി നേതാക്കൾ രംഗത്തെത്തി. ആരെ സംരക്ഷിക്കാനാണ് യുപി പൊലീസ് ശ്രമിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചു.അതേസമയം ഉത്തർപ്രദേശിൽ അരാജകത്വം നിലനിൽക്കുന്നത്തിന്റെ തെളിവാണ് ഹത്രാസ് സംഭവമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. പീഡനത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.