ചെങ്കൊടിയോടുള്ള ‘പക’ ഉന്നമിടുന്നത് ചരിത്രം സൃഷ്ടിച്ച ഒരു സ്ഥാപനത്തെ !

. ശ്രീധരൻ എന്ന മെട്രോമാന്റെ വിശ്വാസ്യതയിൽ പ്രധാനമന്ത്രിക്ക് പോലും സംശയമുണ്ടാകുകയില്ല. അഴിമതി രഹിത പ്രതിച്ഛായയും ഏറ്റെടുത്ത പദ്ധതികളിലെ വിജയകരമായ പൂർത്തികരണവും മാത്രമല്ല എസ്റ്റിമേറ്റിലും കുറച്ച് പണം ചിലവിട്ടുള്ള നിർമ്മാണങ്ങളും ശ്രീധരൻ്റെ മാത്രം പ്രത്യേകതയാണ്. ഇങ്ങനെയുള്ള ശ്രീധരൻ പാലാരിവട്ടം പാലം പൊളിച്ച് നീക്കുവാൻ ഊരാളുങ്കൽ സൊസൈറ്റി വേണമെന്ന് ആഗ്രഹിച്ചത് അവരുടെ കഴിവിൽ പൂർണ്ണമായും വിശ്വാസം ഉള്ളത് കൊണ്ടു മാത്രമാണ്. ഡി.എം.ആർ.സിയുടെ മേൽ നോട്ടത്തിലാണ് കോടികളുടെ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് നിലവിൽ നൽകിയിരിക്കുന്നത്. ദ്രുതഗതിയിലാണ് ഇവിടെ പ്രവർത്തികൾ പുരോഗമിക്കുന്നത്.

കേന്ദ്ര സർക്കാറിന് കീഴിലെ നാഷണൽ ഹൈവേ അതോററ്റി ഓഫ് ഇന്ത്യയുടെ വിവിധ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചതും ജനകീയ സൊസൈറ്റിയുടെ കഴിവിനുള്ള അംഗീകാരമാണ്.നിലവിൽ കളിയിക്കാവിള- ബാലരാമപുരം നാഷണൽ ഹൈവേയുടെ വികസന പദ്ധതി നടത്തി കൊണ്ടിരിക്കുന്നതും ഈ സൊസൈറ്റി തന്നെയാണ്. ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ഉറഞ്ഞ് തുള്ളുന്ന ബി.ജെ.പി നേതൃത്വം ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്. കൂടാതെ, ആലപ്പുഴ – ചങ്ങനാശേരി റോഡ് എലിവേറ്റഡ് ഹൈവേ മാതൃകയിൽ പുനർനിർമ്മിക്കുന്നതും പെരുമ്പളം പാലം നിർമ്മാണം അടക്കമുള്ള വലിയ പ്രവൃത്തികളും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി തന്നെയാണ് നടത്തുന്നത്.സ്വപ്നത്തിലെങ്കിലും കേരളം ഭരിക്കാനുള്ള ഒരവസരം ബി.ജെ.പിക്ക് കിട്ടിയാൽ അവർക്കും ഊരാളുങ്കൽ സൊസൈറ്റിക്ക് തന്നെയാണ് പദ്ധതികൾ നൽകേണ്ടി വരിക.

മറ്റൊരു ഓപ്ഷൻ നിങ്ങൾക്ക് മുന്നിലും കേരളത്തിലുണ്ടാവുകയില്ല. ഇപ്പോൾ സുരേന്ദ്രനൊപ്പം ഊരാളുങ്കൽ സൊസൈറ്റിയെ ഊരാക്കുടുക്കിലാക്കാമെന്ന് സ്വപ്നം കാണുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് ഭരണകാലത്ത് ഈ സൊസൈറ്റിക്ക് തന്നെയാണ് പദ്ധതികൾ നൽകിയിരിക്കുന്നത്.വലിയഴീക്കൽ–അഴിക്കൽ പാലം നിർമാണത്തിന്‌ ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡറില്ലാതെ കരാർ നൽകിയത്‌ അന്നത്തെ അഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രത്യേക നിർദേശ പ്രകാരമാണ്.  പാലം നിർമാണം ഊരാളുങ്കലിനെ ഏൽപ്പിക്കാൻ 2015 സപ്തംബർ 15നാണ്‌‌  ചെന്നിത്തല ലെറ്റർപാഡിൽ എഴുതി നൽകിയിരുന്നത്‌. അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞിനോടായിരുന്ന‌ു ഈ ശുപാർശ.

പദ്ധതിക്ക്‌ ഭരാണാനുമതി നൽകിയ2016 ഫെബ്രുവരി 24ലെ ഉത്തരവിൽ തന്നെ ഇത്‌ വ്യക്തമാണ്. യുഡിഎഫ്‌ സർക്കാർ ഊരാളുങ്കലിന്‌ ടെൻഡറില്ലാതെ നേരത്തെയും കരാർ നൽകിയ കാര്യവും ശുപാർശയ്ക്ക്‌ ബലമായി ചെന്നിത്തല ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 145.50 കോടിയുടെ കോഴിക്കോട്‌ ബൈപ്പാസ്‌ നിർമാണമാണ്‌ നേരത്തെ ഇതുപോലെ നൽകിയിരുന്നത്. 2015 ജൂൺ 21ന്‌ ഇത്‌ സംബന്ധിച്ച്‌ സർക്കാർ ഉത്തരവിറക്കിയ കാര്യവും മുൻ അഭ്യന്തര മന്ത്രിയുടെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കത്ത്‌ ലഭിച്ച ഇബ്രാഹിം കുഞ്ഞ്‌ അനൂകുലമായ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നോട്ടെഴുതിയിരുന്നത്.

ഈ പാലത്തിലേക്കുള്ള അപ്രോച്ച്‌ റോഡിന്‌ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികൾ പോലും സ്വീകരിക്കാതെയായിരുന്നു കല്ലിടൽ ചടങ്ങും ചെന്നിത്തല നടത്തിയിരുന്നത്‌. യുഡിഎഫ്‌ കാണിച്ച ഈ അലംഭാവമാണ്‌ പാലത്തിന്റെ കമീഷനിങും വൈകിപ്പിച്ചിരുന്നത്. വലിയഴീക്കൽ ഭാഗത്തെ സ്ഥലം ഇടതുപക്ഷ സർക്കാർ ഏറ്റെടുത്ത്‌  കൈമാറിയതിനാൽ അവിടെ അപ്രോച്ച്‌ റോഡ്‌ നിർമാണത്തിന്‌ നിലവിൽ തടസ്സമില്ല. മറുകരയിലാകട്ടെ  സ്ഥലത്തിന്റെ അവകാശികളിലൊരാൾ പ്രായപൂർത്തിയാകാത്തതിനാൽ നിയമാനുമതി ലഭിച്ചാൽ മാത്രമേ സ്ഥലം ഏറ്റെടുക്കാൻ കഴിയുകയൊള്ളൂ. ഇതാണ് അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു വഴിവിട്ടു കരാർ നൽകി എന്നാരോപിച്ചം കോടികളുടെ ധൂർത്താരോപിച്ചും ഗവർണ്ണർക്ക് കത്ത് നൽകിയ ചെന്നിത്തല സ്വന്തം ചെയ്തികളാണ് ഇവിടെ മറച്ച് പിടിച്ചിരിക്കുന്നത്.ടെൻഡർ ഇല്ലാതെ വിശ്വസ്‌തതയോടെ ജോലി ഏൽപ്പിക്കാവുന്ന സ്ഥാപനമാണ്‌ ഊരാളുങ്കൽ സൊസൈറ്റി എന്ന് സർട്ടിഫിക്കറ്റ് നൽകിയത് തന്നെ ഉമ്മൻ ചാണ്ടി സർക്കാറാണ്.

1050 കോടിയുടെ പദ്ധതികളും ഇക്കാലത്ത് ഊരാളുങ്കലിന് യു.ഡി.എഫ് സർക്കാർ നൽകുകയുണ്ടായി. തീർച്ചയായും അർഹതക്കുള്ള അംഗീകാരം തന്നെയാണിത്. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. തർക്കം യു.ഡി.എഫ് നൽകുന്നത് ശരിയും ഇടതുപക്ഷം നൽകുന്നത് തെറ്റുമെന്ന വാദത്തിൽ മാത്രമാണ്. ഇതിനെയാണ് രാഷ്ട്രീയ പ്രേരിതമെന്ന് പറയേണ്ടത്. “നല്ല ഭക്ഷണം മിതമായ നിരക്കിൽ ലഭിക്കുന്ന ഹോട്ടലിൽ നിന്ന് ആരും ഭക്ഷണം കഴിക്കും. ഇവിടെ നടത്തിപ്പുകാരുടേയോ ജീവനക്കാരുടേയോ രാഷ്ട്രീയം നോക്കിയല്ല ജനങ്ങൾ കയറാറുള്ളത്. അതു പോലെ തന്നെ നല്ല പ്രവർത്തന മികവ് കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങളെ സർക്കാറുകളും സ്വാഭാവികമായും ആശ്രയിക്കും. അവിടെയും കേവല രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഘടകമാകാൻ പാടുള്ളതല്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ കേരളത്തിൽ ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത് തന്നെ രാഷ്ട്രീയ താൽപ്പര്യങ്ങൾ മൂലമാണ്.

മഹത്തായ ഒരു സ്ഥാപനത്തെ തകർക്കുന്നതിന് വേണ്ടിയുള്ള കോർപ്പറേറ്റ് ഇടപെടലുകളും ഇതിന് പിന്നിലുണ്ട്. മാധ്യമങ്ങളിൽ, ഊരാളുങ്കൽ സൊസൈറ്റിക്ക് ‘വില്ലൻ’ വേഷം നൽകുന്നതിൽ കോർപ്പറേറ്റുകൾക്കുള്ള പങ്ക് വ്യക്തമാണ്.വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ഞെട്ടിക്കുന്നതാണ് കൂലിവേലക്കാരുടെ ഈ സഹകരണസംഘത്തിന്റെ വളര്‍ച്ച. 1925ല്‍ വേലികെട്ടും കൂലിവേലയുമായി നടന്ന പതിനാല് പേരുടെ ബലത്തില്‍ തുടങ്ങിയ സൊസൈറ്റിയാണ് ഇന്ന് വിസ്മയിപ്പിക്കുന്ന വളര്‍ച്ചയുടെ വഴിത്താരയിലേക്ക് കടന്നിരിക്കുന്നത്.കോർപ്പറേറ്റ് കണക്ക് കൂട്ടലുകൾക്കും അപ്പുറമാണിത്.ഈ കോവിഡ് കാലത്ത് പോലും പലർക്കും രോഗബാധയും പല സൈറ്റിലും പണി നിർത്തിവയ്ക്കലും ഒക്കെ ഉണ്ടായിട്ടും സംസ്ഥാനസർക്കാരിന്റെ നൂറുദിനപരിപാടികളിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച എല്ലാ പ്രവൃത്തികളും സമയത്തു തന്നെ പൂർത്തിയാക്കി നൽകിയത് ഊരാളുങ്കൽ സൊസൈറ്റിയാണ്.

പുറം‌നാടുകളിൽനിന്നു മടങ്ങിവന്ന തൊഴിൽവൈദഗ്ദ്ധ്യമുള്ളവരെയടക്കം കൂടെച്ചേർത്ത്  മനുഷ്യവിഭവത്തിന്റെ ഗുണമേന്മയാണ് അവർ ഉയർത്തിപ്പിടിച്ചത്. ഊരാളുങ്കൽ സൈബർ പാർക്കിൽ ഈ കാലയളവിൽ മാത്രം പുതുതായി ആറു വൻകിട കമ്പനികളാണ് വന്നത്. ഒൻപതു സ്റ്റാർട്ടപ്പുകൾകൂടി ഇവിടെ ഉടൻ വരാൻപോകുന്നുണ്ട്. ഈ സൈബർപാർക്കിലെ കമ്പനികളിൽ കോവിഡ്‌ക്കാലത്ത് പോലും 86 പ്രൊഫഷണലുകൾക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. മറ്റൊരു 475 പേരുടെ നിയമനം ഇതിനകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുമുണ്ട്. പ്രതിസന്ധികളെയും വെല്ലുവിളികളെയും തൊഴിലാളികളുടെ കരുത്തിനാൽ അതിജീവിച്ച ചരിത്രമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കുള്ളത്. ഇപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന ആരോപണങ്ങളെ അവർ പ്രതിരോധിക്കുന്നതും ഈ കരുത്തിനാൽ തന്നെയാണ്. ഇവരുടെ ചോദ്യങ്ങളിൽ പോലും ഉണ്ട് എതിരാളികൾക്കുള്ള ഒന്നാന്തരം ആപ്പ്.

പത്തുപതിനാലായിരം കുടുംബങ്ങളെ, മാന്യമായി ജീവിക്കാൻ പ്രാപ്തമാക്കുന്നത് തെറ്റാണോ? എന്നതാണ് ആദ്യ ചോദ്യം. അഴിമതിയില്ലാതെയും സമയനിഷ്ഠയോടെയും നിർമ്മാണങ്ങൾ നടത്തുന്നതു തെറ്റാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. മൂന്നാമതായി അവർ മുന്നോട്ട് വയ്ക്കുന്നത് പണം മിച്ചം വന്നാൽ തിരികെ നല്കുന്നതു തെറ്റാണോ എന്നതാണ്.ഇ.ശ്രീധരൻ്റെ മാതൃകയാണ് ഇക്കാര്യത്തിൽ ഊരാളുങ്കൽ സൊസൈറ്റിയും പിന്തുടർന്നു വരുന്നത്. നാടിനു മികച്ച റോഡും പാലവും കെട്ടിടവുമൊക്കെ സംഭാവനചെയ്യുന്നതു തെറ്റാണോ എന്ന ചോദ്യമാണ് നാലാമതായി അവർ മുന്നോട്ട് വയ്ക്കുന്നത്. തൊഴിലാളികൾക്കു മികച്ച വേതനവും ക്ഷേമവും ഉറപ്പാക്കുന്നത് തെറ്റാണോ എന്നതാണ് അഞ്ചാമത്തെ ചോദ്യം.

 

സഹകരണസംഘം ഉണ്ടാക്കി പ്രവർത്തിക്കുന്നത് തെറ്റാണോ എന്നും ഒരു പ്രസ്ഥാനം ജനപക്ഷമായ ലക്ഷബോധത്തോടെ വളരുന്നത് തെറ്റാണോ എന്നതുമാണ് അടുത്ത ചോദ്യം. സർക്കാരിനും നാടിനും ഗുണകരമായനിലയിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ഏതാനും മികച്ച സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്ത് നിർമ്മാണങ്ങൾ അതിവേഗം പൂർത്തിയാക്കാനും അഴിമതി ഒഴിവാക്കാനും സർക്കാർ ശ്രമിക്കുന്നത് തെറ്റാണോ എന്നതിനും അവർ ഉത്തരം തേടുന്നുണ്ട്. ലാഭം വ്യക്തികളുടെ കീശകളിലേക്കു പോകുന്ന സ്വകാര്യസംരംഭങ്ങൾക്കു പകരം ജനകീയസംരംഭങ്ങളായ സഹകരണമേഖലയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതു തെറ്റാണോ എന്നതാണ് വേറൊരു ചോദ്യം. രണ്ടായിരത്തിൽപ്പരം ഐറ്റി പ്രൊഫഷണലുകൾക്കു തൊഴിൽ ലഭിച്ച സൈബർ പാർക്ക് തുടങ്ങിയതും, അഞ്ഞൂറോളം പ്രൊഫഷണലുകൾക്കു തൊഴിൽ നല്കിയ സോഫ്റ്റ്‌വെയർ സ്ഥാപനം തുടങ്ങിയതും തെറ്റാണോ എന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

കർഷകർക്കും കരകൗശലക്കാർക്കും തൊഴിലും മെച്ചപ്പെട്ട ജീവിതവും പ്രദാനം ചെയ്യുന്നതു തെറ്റാണോ എന്നതിനും മറുപടി വേണമെന്നതാണ് ആവശ്യം.ഒരു അഴിമതിയെങ്കിലും സൊസൈറ്റിക്കെതിരെ ആരെങ്കിലും നാളിതുവരെ ഉന്നയിച്ചിട്ടുണ്ടോ എന്നും വഴിവിട്ട എന്തെങ്കിലും കാര്യം ചെയ്തതായി ആർക്കെങ്കിലും ആക്ഷേപമുണ്ടോ എന്നും ആധികാരികമായാണ് സൊസൈറ്റി ഭാരവാഹികളും ചോദിക്കുന്നത്.നടത്തിയ ഏതെങ്കിലും നിർമ്മാണത്തിലെ ഗുണമേന്മയെപ്പറ്റി ആർക്കെങ്കിലും ആക്ഷേപമുണ്ടോ എന്ന ചോദ്യവും അവർ ഉയർത്തുന്നുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയേണ്ടത് ആരോപണങ്ങൾ ഉയർത്തിയവർ തന്നെയാണ്. എന്താണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ചെയ്ത തെറ്റ് എന്ന് ഭരണ സമിതി ചോദിക്കുമ്പോൾ അതിന് വ്യക്തമായ മറുപടി പറയാൻ കഴിയണം. അതല്ലങ്കിൽ, ആരോപണങ്ങൾ പിൻവലിക്കാൻ തയ്യാറാകണം. അതാണ് രാഷ്ട്രിയ മര്യാദ.

സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി, തൊഴിലാളികളുടെ വിയർപ്പിനാൽ കെട്ടിപടുത്ത സ്ഥാപനത്തെയല്ല തകർക്കാൻ ശ്രമിക്കേണ്ടത്. കേരളം ഭരിക്കുന്നത് പിണറായി വിജയനാണ് എന്നതിനാലും ഊരാളുങ്കൽ സൊസൈറ്റി ഭരണം സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ് എന്നതിനാലും രാഷ്ട്രീയ പക അതിർവരമ്പുകൾ ലംഘിക്കുന്നത് നാടിനാണ് ദോഷം ചെയ്യുക. സഹകരണനിയമപ്രകാരം സമയാസമയം തെരഞ്ഞെടുപ്പു നടക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും വിജയിക്കാൻ കഴിയാത്തത് അവരുടെ കഴിവ് കേട് കൊണ്ട് കൂടിയാണ്.നിരവധി ആരോപണങ്ങളാണ് ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും പടച്ച് വിട്ടിരിക്കുന്നത്. അതിൽ ഏറ്റവും ഒടുവിൽ വന്ന ആരോപണം യന്ത്രോപകരണങ്ങളുടെ വാടകയുമായി ബന്ധപ്പെട്ടതാണ്.

ഇതു സംബന്ധമായി പടച്ച് വിട്ട വാർത്തകൾ തെറ്റും ശരി മറ്റൊന്നുമാണ്.ഊരാളുങ്കൽ സൊസൈറ്റി അതിന്റെ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമുള്ള യന്ത്രോപകരണങ്ങളും വാഹനങ്ങളും സ്വന്തമായി തന്നെ വാങ്ങിയിട്ടുണ്ട്. എന്നാൽ, ഒരേസമയം കൂടുതൽ പ്രവൃത്തികൾ ചെയ്യേണ്ട സാഹചര്യം വരുമ്പോൾ അതിനുവേണ്ട യന്ത്രങ്ങളും വാഹനങ്ങളും കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യാറുള്ളത്. നിലവിൽ ഇത്തരത്തിൽ 387 വാഹനങ്ങളും നിർമ്മാണയന്ത്രങ്ങളും വാടകയ്ക്ക് ഉപയോഗിച്ചുവരുന്നുണ്ട്. ഇതിൽ 132 ലോറികളും 43 ഹിറ്റാച്ചിയും 152 ജെസിബിയുമെല്ലാം ഉൾപ്പെടുന്നുണ്ട്. ഇതിനെല്ലാം സൊസൈറ്റിയുടെ കൃത്യമായ മാനദണ്ഡങ്ങളും വാടകനിരക്കും ഉണ്ട്. എല്ലാറ്റിന്റെയും വാടക നല്കുന്നതാകട്ടെ നികുതിനിയമങ്ങൾ അടക്കമുള്ള എല്ലാ നിയമങ്ങളും പാലിച്ച് ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രവുമാണ്.

വസ്തുത ഇതായിരിക്കെ ഒരു വ്യക്തിയുടെ വാഹനം വാടകയ്ക്കെടുത്ത് വൻതുക നല്കുന്നു എന്നമട്ടിൽ വാർത്ത നല്കിയത് രാഷ്ട്രീയ പ്രേരിതം തന്നെയാണ്.വാടകയ്ക്കെടുത്ത 386 യന്ത്ര-വാഹനങ്ങളെയും വിട്ട് ഒന്നു മാത്രം വിവാദമാക്കുന്നത് അത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ പത്നിയുടെ വകയാണ് എന്നതിനാൽ മാത്രമാണ്.വഴിവിട്ട കാര്യം ഊരാളുങ്കലിലല്ല എവിടെ നടന്നാലും നടപടി വേണം. അക്കാര്യത്തിൽ തർക്കമില്ല. എന്നാൽ, രാഷ്ട്രീയം താൽപ്പര്യം മാത്രം മുൻ നിർത്തി മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നത് ആരായാലും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഊരാളുങ്കൽ സൊസൈറ്റി തകരേണ്ടത് കോർപ്പറേറ്റുകളുടെ താൽപ്പര്യമാണ്. പ്രതിപക്ഷത്തിൻ്റെ പിന്നിൽ ആ കറുത്ത കരങ്ങൾകൂടി ഉണ്ടെന്ന് നാട് തിരിച്ചറിയുകയാണ് വേണ്ടത്.

Express view

Top