കൊച്ചി: ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് റദ്ദാക്കിയത്. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.
അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വ്യാജരേഖ ചമച്ചു എന്നതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല.
നേരത്തെ, കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നല്‍കിയ ഫയല്‍ വിജിലന്‍സ് മടക്കിയിരുന്നു. വിജിലന്‍സ് എസ്പിയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആരോപണം അന്വേഷിക്കേണ്ടത് പൊലീസാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെന്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. സിപിഎം നേതാവ് സുകാര്‍ണോ ആണ് പരാതിക്കാരന്‍.
2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നുള്ള എട്ടുമാസങ്ങളില്‍ പകുതി ശന്പളത്തില്‍ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത്.
ഗവ.ആയുർവേദ കോളെജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി.