കൊച്ചി: സംസ്ഥാനത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു. ഹര്‍ജി വിശദമായി പരിഗണിച്ച് തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് കണ്ടതിനെതുടര്‍ന്നാണ് കോടതി നോട്ടീസയച്ചത്. അടുത്ത മാസം 12ന് ഹര്‍ജി പരിഗണിക്കും.
ഇക്കാര്യത്തില്‍ കെഎസ്ഇബിയുടെ ഭാഗത്ത് നിന്നടക്കമുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കൃത്യമായ മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡാമുകള്‍ തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കേരളത്തിലെ മഹാപ്രളയത്തിന് കാരണം സംസ്ഥാനത്തെ അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതല്ല, മറിച്ച് അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയതെന്ന് കേന്ദ്ര ജല കമ്മിഷന്‍ പറഞ്ഞു.
നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്, ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായതായും അദ്ദേഹം വ്യക്തമാക്കി.