കൊച്ചി: പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍മ്മിച്ച അനധികൃത തടയണയും റോപ്‌വേയും പൊളിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
അന്‍വറിന്റെ ഭാര്യാപിതാവ് തിരൂവണ്ണൂര്‍ കല്യാണത്തോപ്പ്പറമ്പ് അബ്ദുല്‍ ലത്തീഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ലത്തീഫിന്റെ എട്ട് ഏക്കറിലാണ് തടയണ നിര്‍മ്മിച്ചിരുന്നത്.
കേസ് ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കുന്നവരെയാണ് വിലക്ക്.
അന്‍വറിന്റെ നിയമലംഘനം സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ അജീഷ് കുന്നത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് തടയണ പൊളിക്കാന്‍ ഈ മാസം 11ന് കളക്ടര്‍ നോട്ടീസ് നല്‍കിയത്.
തടയണയുടെ അശാസ്ത്രീയ നിര്‍മ്മാണം മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും വഴിവച്ചേക്കാമെന്നും തടയണ തകര്‍ന്നാല്‍ താഴ്‌വാരങ്ങളിലുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാവുമെന്നും കളക്ടര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തടയണയുടെ ചോര്‍ച്ച ഗൗരവകരമാണെന്നും, നീര്‍ച്ചോല കെട്ടിനിര്‍ത്തിയത് ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും കുടിവെള്ളം മുട്ടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.