റിപ്പബ്ലിക് ടിവിയെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി; സമാന്തര വിചാരണ നടത്തേണ്ട

ന്യൂഡല്‍ഹി: അതിപ്രധാനമായ കേസുകളില്‍ മാധ്യമങ്ങള്‍ നടത്തുന്ന അതിരുവിട്ട റിപ്പോര്‍ട്ടിംഗിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ചുകൊണ്ട് ശശി തരൂര്‍ എം.പി. നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ സാധിക്കില്ല. എന്നാല്‍ ഒരു കേസ് കോടതിയുടെ പരിഗണനയില്‍ തുടരുമ്പോള്‍ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍ നിന്ന് മാറിനില്‍ക്കണം. ആരോപണം നേരിടുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കാനോ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ നടത്താനോ പാടില്ല. കേസന്വേഷണത്തിന്റെയും തെളിവുകളുടെയും പവിത്രതയെ മാധ്യമങ്ങള്‍ മാനിക്കണം. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തനമാണ് ഈ കാലത്തിന് ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

Top