രാജീവ് വധക്കേസ് ; സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം അനുവദിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉദയഭാനുവിന്റെ അപേക്ഷ തള്ളിയത്.

ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാം. നിയമം എല്ലാവര്‍ക്കും ബാധകമെന്നും ഹൈക്കോടതി വ്യക്തമാക്കി. കസ്റ്റഡി തടഞ്ഞ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദയഭാനുവിനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി 12 പേജ് ഉള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും കസ്റ്റഡിയില്‍ എടുക്കണമെന്നുമായിരുന്നു പ്രോസിക്യുഷന്റെ നിലപാട്.

അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ നേരത്തെ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. റിയലല്‍ എസ്‌റ്റേറ്റ് ബ്രോക്കറായിരുന്ന രാജീവിനെ ചക്കര ജോണിയടക്കമുള്ള മറ്റ് പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്

Top