മഹാരാഷ്ട്ര ആശുപത്രികളിലെ കൂട്ടമരണം: ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിലെ 2 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മതിയായ ചികിത്സ ലഭിക്കാതെ 53 പേര്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നു ഹൈക്കോടതി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ രോഗികള്‍ എത്തുന്നതും ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം അവസാനനിമിഷം അയയ്ക്കുന്നതുമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ മരണസംഖ്യ കൂടാന്‍ കാരണമെന്ന് അഡ്വക്കറ്റ് ജനറല്‍ അവകാശപ്പെട്ട വേളയിലാണ് കോടതിയുടെ വിമര്‍ശനം.

ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ നീക്കിവയ്ക്കുന്ന തുക കുറച്ചതിനെയും ഒഴിവുകള്‍ നികത്താത്തതിനെയും കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ തസ്തികകള്‍ എത്രയെന്നും അവയില്‍ ഒഴിവു നികത്താത്തവ എത്രയെന്നും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് 30നകം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. കൂട്ടമരണമുണ്ടായ നാന്ദേഡിലെയും ഔറംദബാദിലെയും മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ വര്‍ഷം ആവശ്യമുണ്ടായിരുന്ന മരുന്നുകളുടെയും െമഡിക്കല്‍ ഉപകരണങ്ങളുടെയും കണക്കും അതില്‍ എത്രമാത്രം സര്‍ക്കാര്‍ അവിടെ എത്തിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെഡിക്കല്‍ കോളജുകളില്‍ അവശ്യമരുന്നുകളും ചികിത്സ സംവിധാനങ്ങളും ഉണ്ടായിരുന്നെന്നും അതീവഗുരുതരാവസ്ഥയിലായിരുന്ന രോഗികള്‍ മാത്രമാണ് മരിച്ചതെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.

നാന്ദേഡ് മെഡിക്കല്‍ കോളജില്‍ 12 നവജാതശിശുക്കള്‍ മരിച്ചതില്‍ മൂന്നു പേര്‍ മാത്രമാണ് അവിടെ ജനിച്ചത്. 9 പേരെ മറ്റ് ആശുപത്രികളില്‍ നിന്ന് അവിടേക്ക് എത്തിച്ചതാണെന്നും അഡ്വക്കറ്റ് ജനറല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഉറപ്പാക്കിയതുകൊണ്ട് എല്ലാമായില്ലെന്നു കോടതി വ്യക്തമാക്കി. കടലാസില്‍ പല കാര്യങ്ങളും കൃത്യമായുണ്ട്. എന്നാല്‍, സംസ്ഥാനത്തെ പൊതുചികിത്സാ കേന്ദ്രങ്ങളുടെ സ്ഥിതി അത്ര നല്ലതല്ല. സ്വകാര്യ മേഖലയുടെ മേല്‍ പഴിചാരിയും രോഗികളുടെ ബാഹുല്യവും ചൂണ്ടിക്കാട്ടിയും ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാവില്ലെന്നും കോടതി പറഞ്ഞു. ആശുപത്രികളിലെ കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയായാണ് കഴിഞ്ഞ ദിവസം കേസെടുത്തത്.

Top