കൊച്ചി മെട്രോയ്ക്ക് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഹൈക്കോടതി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിങ്കിള്‍ ബെഞ്ച് വിധി ശരിവെച്ച് ഉത്തരവിട്ടിരിക്കുന്നത്.

സിങ്കിള്‍ ബെഞ്ച് വിധിക്കെതിരെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

നഷ്ടപരിഹാരത്തിന്റെ 80 ശതമാനം മാത്രം കൈപ്പറ്റിയവര്‍ക്ക് ബാക്കി തുക പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വര്‍ധിപ്പിച്ചു നല്‍കണമെന്നായിരുന്നു സിങ്കിള്‍ബെഞ്ച് ഉത്തരവ്. ഇതിനെതിരെയാണ് കൊച്ചി മെട്രോ അപ്പീല്‍ സമര്‍പ്പിച്ചത്.

തങ്ങളുടെ നഷ്ടപരിഹാര ആവശ്യം ചൂണ്ടിക്കാട്ടി ഭൂവുടമകള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പറയുന്നു.

ഇത് കളക്ടര്‍ ആറ് ആഴ്ചക്കകം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറണമെന്നും, നഷ്ടപരിഹാരത്തിന് പലിശ കണക്കാക്കുമ്പോള്‍ ഭൂമിയുടെ കൈവശാവകാശം കൈമാറിയ തീയതി പരിഗണിക്കണമെന്നും, ആദ്യം നല്‍കിയ 80 ശതമാനം തുകയ്ക്ക് പലിശ കണക്കു കൂട്ടരുതെന്നും, ബാക്കിയുള്ള 20 ശതമാനം തുക നല്‍കുന്നതിന് മുമ്പേ ഉടമകള്‍ സെയില്‍ ഡീഡ് തയാറാക്കണമെന്നും, 12 ഭൂവുടമകളുമായുള്ള കരാറുകളില്‍ പുതിയ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്ലെന്നും, പക്ഷെ, കരാറില്‍ ഒരു വശത്ത് സര്‍ക്കാരായതിനാല്‍ അവരോട് വിവേചനം കാണിക്കരുതെന്നും, അവര്‍ക്കും മറ്റുള്ളവര്‍ക്കുള്ള ആനൂകൂല്യം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Top