കൊച്ചി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.
ലോക്ക്ഡൗണ്‍ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞ് സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ആശങ്ക അറിയിക്കുകയും ചെയ്തു.
പ്രവാസികളെ തിരികെ എത്തിച്ചാല്‍ എവിടെ പാര്‍പ്പിക്കുമെന്നും അവര്‍ വരുന്നതോടെ ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാകാമെന്നും ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടികാട്ടി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കി.
പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെഎംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികള്‍ നിലവില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഈ സാഹചര്യത്തില്‍ കോവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്‌സ് ഫ്‌ലൈറ്റുകള്‍ തയാറാണ്.