ചെന്നൈ: ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശിയ്ക്കാന്‍ പൊതുവായ വസ്ത്രധാരണ കോഡ് ഏര്‍പ്പെടുത്തണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ വി.രാമസുബ്രഹ്മണ്യന്‍, എന്‍.കിരുബാകരന്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഇടക്കാല സ്റ്റേ ആണ് അനുവദിച്ചത്.
എന്നാല്‍ ഇത് വസ്ത്രധാരണം സംബന്ധിച്ച അവകാശങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് സംസ്ഥാന ഹിന്ദുമതകാര്യ വകുപ്പും സതേണ്‍ ഡിസ്ട്രിക്ട്‌സ് വിമണ്‍സ് ഫെഡറേഷന്റെ ജി.ശാരികയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്തത്.
സിംഗിള്‍ ബഞ്ച് ഉത്തരവ് തീര്‍ത്തും വിവേചനപരമാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ശാരിക ആരോപിച്ചു. സംസ്ഥാനസര്‍ക്കാര്‍ നേരത്തെയും സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. ഓരോ ക്ഷേത്രങ്ങളിലും വസ്ത്രധാരണം സംബന്ധിച്ച് ഓരോ ചട്ടങ്ങളാണുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.