ന്യൂഡല്‍ഹി: രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ ‘സംഭാവനപ്പെട്ടി’ സ്ഥാപിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണിതെന്ന് ആക്ടിംഗ്ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംഭാവനപ്പെട്ടി സ്ഥാപിക്കാന്‍ തീരുമാനിച്ചതാരാണെന്നും അതില്‍ നിന്നു ലഭിക്കുന്ന പണം എവിടേക്കാണു പോകുന്നതെന്നും അറിയിക്കണമെന്ന് കോടതി ഗാന്ധിസമാധി സ്മാരകത്തിന്റെ സംരക്ഷണ ചുമതലയുള്ള രാജ്ഘട്ട് സമാധി സമിതിയോട് ആവശ്യപ്പെട്ടു. സമാധിസ്മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
‘ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഗാന്ധിസമാധിയിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്കു മുന്നില്‍ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടതെന്നും കോടതി ചോദിച്ചു.സമാധിസ്മാരകം എല്ലാ ബഹുമാനവും അര്‍ഹിക്കുന്ന ഇടമാണെന്നും ബന്ധപ്പെട്ട അധികൃതര്‍ ഇത് കൃത്യമായി സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.
എന്നാല്‍ മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവക് സംഘിനാണ് സംഭാവനപ്പെട്ടിയില്‍ നിന്നുള്ള പണം ലഭിക്കുന്നത്. ഇവര്‍ തന്നെയാണ് പെട്ടി സ്ഥാപിച്ചതെന്നും കൗണ്‍സല്‍ ഫോര്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.