രാമക്ഷേത്ര നിര്‍മ്മാണം;സംഭാവന ചോദിച്ച് ഭീഷണിപ്പെടുത്തുന്നതായി കുമാരസ്വാമി

ബെംഗളുരു:അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി സംഭാവന ചോദിച്ച് ഭീഷണിപ്പെടുത്തുന്നതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംഭാവന നല്‍കുന്നവരുടേയും നല്‍കാത്തവരുടേയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി ട്വീറ്ററില്‍ കുറിച്ചിരുന്നു. ഇതിന് ശേഷമാണ് ഭീഷണിയുണ്ടെന്ന് ഉന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്ത്രീയടക്കമുള്ള മൂന്നംഗസംഘം വീട്ടിലെത്തിയെന്നും ക്ഷേത്രം പണിയുന്നതിനായി പൈസ നല്‍കാത്തതിനെ തുടര്‍ന്ന് ഭീഷണിമുഴക്കിയതായും കുമാരസ്വാമി പറയുന്നു.

‘ആരാണ് വിവരം നല്‍കുന്നത് ? തെരുവിലുളള നിരവധി ആളുകള്‍ പലരേയും ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നുണ്ട്. ഞാനും ഒരു ഇരയാണ്. ഒരു സ്ത്രീ ഉള്‍പ്പടെയുളള മൂന്നംഗ സംഘം എന്റെ വീട്ടിലെത്തി എന്തുകൊണ്ടാണ് നിങ്ങള്‍ പണം നല്‍കാത്തതെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.’  കുമാരസ്വാമി പറഞ്ഞു.

അയോധ്യ ക്ഷേത്ര നിര്‍മാണത്തിനായി പണം നല്‍കുന്നവരുടെയും അല്ലാത്തവരുടെയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസമാണ് കുമാരസ്വാമി ആരോപണമുന്നയിച്ചത്. ആര്‍എസ്എസ് നാസികളെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കുമാരസ്വാമിയുടെ ആരോപണത്തോട് രൂക്ഷമായാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രതികരിച്ചത്. കുമാരസ്വാമിയുടെ പരാമര്‍ശത്തെ അപലപിച്ച വിഎച്ച്പി സംസ്ഥാനത്തിന്റെ പരമോന്നത പദവി വഹിച്ച ഒരു വ്യക്തി ഉന്നയിച്ച ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു. കുമാരസ്വാമിയില്‍ നിന്നുണ്ടായത് നിരുത്തരവാദപരമായ ട്വീറ്റാണെന്നും വിഎച്ച്പി കുറ്റപ്പെടുത്തി. രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ജനങ്ങളില്‍ നിന്ന് സംഭാവന പിരിക്കുന്നതിനായി ആര്‍എസ്എസിനും വിശ്വഹിന്ദുപരിഷത്തിനും ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.

 

Top