യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് അനുവദിക്കണം, വിവാദം അവസാനിപ്പിക്കണമെന്നും എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: സ്‌കൂളുകളില്‍ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡി (എസ്) നിയമസഭാ കക്ഷി നേതാവുമായ എച്ച് ഡി കുമാരസ്വാമി. ഈ വിഷയം പരിഗണിക്കണമെന്നും വിവാദം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും കുമാരസ്വാമി നിയമസഭയില്‍ ഉന്നയിച്ചു. അതത് കോളേജിലെയോ സ്‌കൂളിലെയോ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് അനുവദിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നഷ്ടപ്പെട്ട അക്കാദമിക അന്തരീക്ഷം വീണ്ടെടുക്കണം. വിവാദം പൂര്‍ണമായും അവസാനിപ്പിക്കണം. സര്‍ക്കാര്‍ ഇതിന് വലിയ പരിഗണന നല്‍കണമെന്നാണ് ആവശ്യം.

ഹിജാബ് വിലക്ക് കര്‍ണാടക ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ പലയിടത്ത് നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കാദമിക അന്തരീക്ഷം നഷ്ടപ്പെട്ടു. ഹിജാബ് വിവാദത്തിലൂടെ കലുഷിതമായ കാമ്പസുകളെ പൂര്‍വ്വരീതിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു പരിഹാര മാര്‍ഗം ചിന്തിക്കണമെന്ന് കുമാരസ്വാമി അഭിപ്രായപ്പെട്ടു.
‘സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം അനുകമ്പയോടെ പരിഗണിക്കുകയും വിവാദം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യണം. ഹിജാബ് വിവാദത്തിലൂടെ കലുഷിതമായ കാമ്പസുകളില്‍ അക്കാദമിക അന്തരീക്ഷം തിരിച്ചുകൊണ്ടുവരണം. ഇരുഭാഗത്ത് നിന്നും വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിലേക്ക് തള്ളിവിടാന്‍ പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിഷയം വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ പരീക്ഷ ഇതില്‍ വിഷയമേ ആകുന്നില്ലെന്നയിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

Top