മുംബൈ: ബുധനാഴ്ച മുതല്‍ കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി. സിദ്ധാര്‍ഥ് കിരണ്‍ സാംഘ്‌വിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ സിദ്ധാര്‍ഥിന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുംബൈയിലെ കല്യാണിനു സമീപത്തു നിന്നുമാണ് സിദ്ധാര്‍ഥിന്റെ മൃതദേഹം കണ്ടെത്തിയത്. തൊഴില്‍ മേഖലയിലെ പ്രശ്‌നമാണ് കൊലപാതകത്തിനു വഴിവെച്ചതെന്നാണ് പൊലീസ് നിഗമനം.
ബുധനാഴ്ച രാത്രി ഏഴരയ്ക്കു ലോവര്‍പരേല്‍ കമലാമില്‍സിലെ ഓഫീസില്‍നിന്നു ദക്ഷിണ മുംബൈ മലബാര്‍ ഹില്‍സിലെ റിഡ്‌ഗെ അപാര്‍ട്ട്‌മെന്റിലേക്കു പുറപ്പെട്ട സിദ്ധാര്‍ഥിനെ കാണാതാവുകയായിരുന്നു. പുറത്തുനിന്നുള്ള സംഘത്തിന്റെ സഹായത്തോടെ സഹപ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ നവിമുംബൈയിലെ കോപ്പര്‍ഖൈര്‍ണയില്‍ സീറ്റില്‍ രക്തക്കറകളും കത്തിയുമായി സിദ്ധാര്‍ഥിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.