എച്ച്.ഡി.എഫ്.സിയുടെ സി.ഇ.ഒ ആദിത്യ പുരിയുടെ ശമ്പളത്തില്‍ നാല് ശതമാനം കുറവ്

മുംബൈ: സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ സി.ഇ.ഒവിന്റെ ശമ്പളത്തില്‍ നാല് ശതമാനം കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10 കോടിയായിരുന്നു ബാങ്ക് സി.ഇ.ഒ ആദിത്യ പുരിയുടെ ശമ്പളം. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം 9.6 കോടിയായാണ് കുറച്ചിരിക്കുന്നത്.

അതേ സമയം, ബാങ്കിന്റെ ലാഭം 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 17,487 കോടിയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ ലാഭം. ഉയര്‍ന്ന പെര്‍ഫോമന്‍സ് ബോണസിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയാല്‍ ആദിത്യപുരിയുടെ ശമ്പളം വര്‍ധിച്ചേക്കും. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് 92 ലക്ഷം രൂപ പെര്‍ഫോമന്‍സ് ബോണസായി ലഭിച്ചിരുന്നു.

എച്ച്.ഡി.എഫ്.സി ബാങ്കില്‍ 0.13 ശതമാനം ഓഹരിയാണ് ആദിത്യ പുരിക്കുള്ളത്. ഏകദേശം 687 കോടി രൂപയാണ് ഓഹരികളുടെ നിലവിലെ വിപണി മൂല്യം. കഴിഞ്ഞ 24 വര്‍ഷമായി ബാങ്കിന്റെ സി.ഇ.ഒ സ്ഥാനത്ത് ആദിത്യ പുരിയാണ്. ഇന്ത്യയിലെ ബാങ്ക്‌മേധാവികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതും പുരിയാണ്.

ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി 2020ലാണ് വിരമിക്കുന്നത്. വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് എച്ച്ഡിഎഫ്‌സി. സിഎക്കാരനായ പുരി 1994 സെപ്റ്റംബര്‍ മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാനേജിംഗ് ഡയറക്റ്ററാണ്.

എച്ച്ഡിഎഫ്‌സി ബാങ്കില്‍ എത്തുന്നതിനു മുന്‍പ് 1992 മുതല്‍ 1994 വരെ സിറ്റി ബാങ്ക് സിഇഒ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തീക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 20.28 ശതമാനം വര്‍ധിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറ്റ പലിശ വരുമാത്തിലും മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിലുമുണ്ടായ വര്‍ധനയാണ് ബാങ്കിന്റെ അറ്റാദായത്തില്‍ പ്രതിഫലിച്ചത്.

Top