എം.എസ് ധോനിയുടെ യഥാര്‍ഥ പിന്‍ഗാമിയാകാന്‍ യോഗ്യനായ ആളെ തിരയുകയാണ് ക്രിക്കറ്റ് ലോകം. ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍ ഇങ്ങനെ പല പേരുകളും ആ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു ഇന്ത്യന്‍ യുവതാരമാണ് ധോനിയുടെ യഥാര്‍ഥ പിന്‍ഗാമിയാകാന്‍ യോഗ്യനെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.
ധോനിയുടെ റോള്‍ ഏറ്റെടുക്കാന്‍ അനുയോജ്യനായ താരം 2019 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച 18-കാരന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ റിയാന്‍ പരാഗാണെന്നാണ് ഉത്തപ്പ പറയുന്നത്. ക്രിക്ക്ഫിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം ചൂണ്ടടിക്കാട്ടിയത്.
”ഇപ്പോഴത്തെ യുവതാരങ്ങളില്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പരാഗ്. ഇന്ത്യ തീര്‍ച്ചയായും ഭാവിയിലേക്കു നോക്കിവയ്‌ക്കേണ്ട താരം തന്നെയാണ് അവന്‍. നല്ല പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ട് വരികയാണങ്കില്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ ശേഷിയുള്ള താരം. ഇന്ത്യയുടെ അടുത്ത എം.എസ് ധോനി ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് അവന്‍”, ഉത്തപപ് പറഞ്ഞു.
അസം സ്വദേശിയായ പരാഗ് കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓള്‍റൗണ്ടറായ താരം ടൂര്‍ണമെന്റിലെ ഏഴു മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറിയടക്കം 160 റണ്‍സ് നേടുകയും രണ്ടു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.