ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ല:ഗണേഷ്‌കുമാര്‍

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് വ്യാഴാഴ്ച മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞത് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിലാക്കി. നിയന്ത്രണത്തിനെതിരേ പ്രതിഷേധം കടുത്ത സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. ‘അങ്ങനെ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും രേഖയുണ്ടോ’? എന്നുമായിരുന്നു സംഭവത്തില്‍ മന്ത്രിയുടെ ചോദ്യം.

അതേസമയം, ആരുടെ നിര്‍ദേശപ്രകാരമാണ് ടെസ്റ്റുകളുടെ എണ്ണം പെട്ടെന്ന് കുറച്ചതെന്ന കാര്യത്തില്‍ മന്ത്രിയുടെ ഓഫീസോ ഗതാഗതവകുപ്പോ വ്യക്തത വരുത്തിയിട്ടില്ല. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ മുതല്‍ ജോയിന്റ് ആര്‍.ടി.ഒ.മാര്‍ വരെ പങ്കെടുത്ത യോഗത്തില്‍ മന്ത്രി നല്‍കിയ നിര്‍ദേശമാണ് നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍, അപ്രതീക്ഷിതമായി ടെസ്റ്റുകളുടെ എണ്ണം കുറച്ചതിനെ തള്ളിപ്പറയാന്‍ മന്ത്രി തയ്യാറായതുമില്ല. ഉദ്യോഗസ്ഥര്‍ പരീക്ഷണം നടത്തി നോക്കിയതാകും. അവരെ തെറ്റുപറയേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി ഉന്നതതല യോഗത്തിലെ വിവരങ്ങള്‍ പുറത്ത് ചോര്‍ത്തിനല്‍കിയ ഉദ്യോഗസ്ഥരെ ഉടന്‍തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നും ചാരന്മാരെ കണ്ടെത്താന്‍ സൈബര്‍ അന്വേഷണം നടത്തുമെന്നും പറഞ്ഞു.

Top