ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: പത്തനംതിട്ടയിൽ നടന്ന ഇരട്ട നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. സംഭവം ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമാണ്. കേരളം എവിടേക്കാണ് പോകുന്നതെന്നും കോടതി പരാമർശം. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ടു സ്ത്രീകളെയാണ് പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബലിനൽകിയത്. നരബലിയ്ക്കായി ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ചു നൽകുകയും ചെയ്‍തത് കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദാണ്. നരബലി ആസൂത്രണം ചെയ്തതിൻറെയും നടപ്പാക്കിയതിൻറെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്.

ഭഗവൽ സിംഗിൻറെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയ ലോട്ടറി വിൽപ്പനക്കാരായ പത്മ, റോസിലി എന്നിവരുടെ മൃതദേഹം കണ്ടെത്തി. പ്രതികൾ മൂന്നു പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവൽ സിംഗിൻറെ വീട്ടിൽ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നുമാണ് കുറ്റസമ്മതം. റോസ്‌ലിനെ കാണാനില്ലെന്ന് കാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുക്കുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്.

Top