ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദുവിനെ ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെജ്രിവാള്‍ സിദ്ദുവിനെ പാര്‍ട്ടിയിലേയക്ക് സ്വാഗതം ചെയ്തത്.
ഇതോടെ കാണ്‍ഗ്രസ് വിട്ട സിദ്ദു എ.എ.പിയില്‍ ചേരുമെന്ന സൂചനകള്‍ക്കാണ് വ്യക്തത വന്നിരിക്കുന്നത്. അതേസമയം കോവിഡ് ഘട്ടത്തില്‍ കൂടുതല്‍ രാഷ്ട്രീയ വിശദീകരണം നല്‍കുന്നില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സിദ്ദു കോണ്‍ഗ്രസ് വിട്ടത്.പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിവെക്കേണ്ടി വന്നത്.
2017-ലാണ് ബിജെപി വിട്ട് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും എ.എ.പി സിദ്ദുവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഈ ചര്‍ച്ച അലസുകയായിരുന്നു.