വിവാഹത്തിനു ശേഷം ബന്ധം തുടരാന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി;യുവാവ് പിടിയില്‍

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ റാണിപൂരില്‍ വിവാഹത്തിനു ശേഷം ബന്ധം തുടരാന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച യുവാവ് പിടിയില്‍. ആറ് ദിവസം മുന്‍പ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ യുപി സ്വദേശിയായ പുനീത് അറസ്റ്റിലായി. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം പുനീത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു.

ജൂലൈ 26നാണ് അഴുകിയ നിലയില്‍ മൃതദേഹം ഉപേക്ഷിച്ചതായി കണ്ടെത്തിയത്. പരിശോധനയില്‍ മരിച്ചത് യുവതിയാണെന്ന് മനസിലായെങ്കിലും ആള്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, മകളെ കാണാനില്ലെന്ന് കാട്ടി ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് വഴിത്തിരിവായി. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. പുനീതും യുവതിയുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നതിനാല്‍ കുടുംബങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതിനിടെ ഫെബ്രുവരിയില്‍ പുനീത് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷവും ബന്ധം തുടരാന്‍ പുനീത് നിര്‍ബന്ധിച്ചെങ്കിലും യുവതി വിസമ്മതിച്ചു. പുനീതിന്റെ ശല്യം അധികമായതോടെ യുവതി ഫോണ്‍ നമ്പര്‍ മാറ്റി. ഇതില്‍ കുപിതനായ പുനീത് കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

Top