യുക്രെയിൻ ഭരണകൂടത്തെ പരിഭ്രാന്തിയിലാക്കി കൊലയാളി സംഘമായ ‘ദ വാഗ്നർ ഗ്രൂപ്പും’ രംഗത്തെന്ന് റിപ്പോർട്ട്. യുക്രെയിൻ തലസ്ഥാന നഗരമായ കിയവിൽ ഇവർ കടന്നതായി അമേരിക്കൽ ചാര സംഘടനയായ സി.ഐ.എ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എല്ലാ യുദ്ധ നിയമങ്ങളും കാറ്റിൽ പറത്തി സാധാരണക്കാരെ കവചമാക്കി യുക്രെൻ സേന റഷ്യൻ സേനക്ക് നേരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ്. പുതിയ നീക്കവുമായി റഷ്യ രംഗത്തെത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
യുക്രെയിൻ തലസ്ഥാനമായ കിയവ് യുദ്ധം തുടങ്ങി ആറ് ദിവസം പിന്നിടുമ്പോൾ റഷ്യൻ സൈന്യം വളഞ്ഞ സാഹചര്യമാണുള്ളത്. ഇതിനിടെ റഷ്യയിലെ സ്വകാര്യ സായുധ സംഘം കൂടി രംഗത്തിറങ്ങിയത് യുക്രെയിൻ പ്രസിഡന്റിനെയും മറ്റു മന്ത്രിമാരെയും സൈനിക ഉദ്യോഗസ്ഥരെയും വകവരുത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമാണെന്നാണ് അമേരിക്ക നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിർദ്ദേശപ്രകാരമാണ് ഈ സംഘം എത്തിയതെന്നാണ് അമേരിക്കയുടെ ആരോപണം.2,000 മുതൽ 4,000 വരെ കൂലിപ്പടയാളികൾ ഉള്ള ഗ്രൂപ്പാണ് ‘ദ വാഗ്‌നർ ഗ്രൂപ്പ്.പുടിന്റെ സുഹൃത്തായ യെവ്ജെനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സംഘമെന്ന് പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേകുറിച്ച് വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് കിയവിൽ കർഫ്യൂ ഏർപ്പെടുത്താൻ യുക്രെയിൻ സർക്കാർ നിർബന്ധിതമായിരുന്നത്.ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ട് കൃത്യം നടത്തി മടങ്ങുന്ന വാഗ്നർ ഗ്രൂപ്പിന്, പ്രത്യേക കമാൻണ്ടോ പരിശീലനം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. ഇതു തന്നെയാണ് യുക്രെയിൻ ഭരണകൂടത്തിൻ്റെ ചങ്കിടിപ്പിക്കുന്നത്.
ഇതിനിടെ, സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും യുക്രൈനെതിരായ ആക്രമണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് റഷ്യ. കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുകന്നതായാണ് റിപ്പോർട്ടുകൾ.
മാക്‌സര്‍ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വന്‍തോതില്‍ റഷ്യന്‍ സൈനികര്‍ യുക്രൈനിലേയ്ക്ക് എത്തിയിട്ടുണ്ട്. ആധുനിക ആയുധങ്ങൾ ഉൾപ്പെടെ ഇവരുടെ പക്കലുണ്ട്.കീവിലെ അന്റോനാവ് കാര്‍ഗോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് വന്‍ തോതില്‍ പുക ഉയരുന്നതിന്റെ മറ്റൊരു സാറ്റലൈറ്റ് ചിത്രം കൂടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്. യുക്രെയിൻ പ്രസിഡൻ്റ് പ്രകോപനം തുടർന്നാൽ, അത്യന്തം മാരകമായ പ്രഹരത്തിന് റഷ്യ തയ്യാറാകുമോ എന്ന ഭീതിയും പരക്കെ ഉണ്ട്.റഷ്യക്ക് മേൽ ഉപരോധം കടുപ്പിക്കുന്ന ലോകരാജ്യങ്ങളുടെ നടപടിയും യുക്രെയിന് ആയുധം നൽകാനുള്ള തീരുമാനവും പുടിനെ ശരിക്കും പ്രകോപിപ്പിച്ചിട്ടുണ്ട്. എന്തും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ.