ചെന്നൈ: ചേരി ഭാഷ പദപ്രയോഗത്തിൽ വിമര്‍ശിക്കപ്പെട്ട ബിജെപി അംഗവും നടിയുമായ ഖുഷ്ബുവിന്റെ പ്രതികരണവും ചര്‍ച്ചയാവുന്നു. തൃഷയെ പരാമര്‍ശിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്റെ എക്‌സ് പോസ്റ്റിന് മറുപടിയായി ഖുഷ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശനം കടന്നുവന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച വിമര്‍ശനങ്ങളോടുള്ള ഖുഷ്ബുവിന്റെ പ്രതികരണവും പുതിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ആക്ഷേപഹാസ്യത്തിന്റെ ഭാഷയിലായിരുന്നു തന്റെ പോസ്റ്റ് എന്നും ചേരി എന്ന് കുറിച്ചപ്പോള്‍ താന്‍ ഉദ്ദേശിച്ചത് ആ വാക്കിന്റെ ഫ്രഞ്ച് അര്‍ഥമാണെന്നും ആ ഭാഷയില്‍ ആ വാക്കിന് പ്രിയപ്പെട്ട എന്നാണ് അര്‍ഥമെന്നും ഖുഷ്ബു പ്രതികരണ പോസ്റ്റില്‍ കുറിച്ചു. ഈ പ്രതികരണത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം ഖുഷ്ബുവിന്റെ പരാമര്‍ശത്തിനെതിരെ വന്ന നിരവധി പ്രതികരണങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്ന് നീലം കള്‍ച്ചറല്‍ സെന്ററിന്റേത് ആയിരുന്നു. തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് സ്ഥാപിച്ച, ദളിത് ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഇത്. ചേരി എന്നത് ദളിതുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കുള്ള തമിഴ് വാക്കാണെന്നും മോശം ഭാഷാപ്രയോഗത്തെ സൂചിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിച്ച ഖുഷ്ബു നിരുപാധികം മാപ്പ് പറയണമെന്നും നീലം സെന്റര്‍ ആവശ്യപ്പെട്ടു.