കോഴിക്കോട്: സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി നാസര്‍ ഫൈസി കൂടത്തായി. ഒരു ഭാഗത്ത് സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്നും മറുഭാഗത്ത് മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മിശ്രവിവാഹത്തില്‍ താന്‍ പറഞ്ഞത് സമുദായത്തിന്റെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ നിലപാടിനെ ആര്‍ക്കും എതിര്‍ത്ത് പറയാന്‍ കഴിയില്ല. മിശ്രവിവാഹം ഇസ്ലാമികമല്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി ചൂണ്ടിക്കാണിച്ചു. സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനയും നാസര്‍ ഫൈസി നല്‍കി.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. വ്യക്തമായ ഡാറ്റ കൈവശമുണ്ട്. സമസ്ത നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും നാസര്‍ ഫൈസി പറഞ്ഞു. സിപിഐഎമ്മിനെതിരെയുള്ള വിമര്‍ശനം മുസ്ലിം ലീഗിന് വഴിയൊരുക്കാനല്ല. പ്രതികരണത്തില്‍ രാഷ്ട്രീയ താല്‍പര്യമില്ല. സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കേണ്ട വിഷയമല്ല മിശ്രവിവാഹം. മുഖ്യമന്ത്രിയല്ല ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രി വിഭാവനം ചെയ്തത് അപരിഷ്‌കൃത സമൂഹത്തെയാണെന്നും നാസര്‍ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. സിപിഐഎം മതനിരപേക്ഷ സംഘടനയാണെന്ന് വ്യക്തമാക്കിയ നാസര്‍ ഫൈസി, ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നതായും ചൂണ്ടിക്കാണിച്ചു.