മുംബൈ: രോഹിത് ശര്‍മ ഇന്ത്യയുടെ പുതിയ ട്വന്റി20 ടീം നായകന്‍. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.
വിരാട് കോലിക്കും, ജസ്പ്രീത് ബംറയ്ക്കും, രവീന്ദ്ര ജഡേജയ്ക്കും ഈ ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹര്‍ദിക് പാണ്ഡ്യയെയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.
സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍ മുഹമ്മദ് സിറാജും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലോകകപ്പില്‍ കളിച്ച ഭുവനേശ്വര്‍കുമാറും ആര്‍ അശ്വിനും സ്ഥാനം നിലനിര്‍ത്തി. ലോകകപ്പിനുള്ള ടീമിലെ റിസര്‍വ് താരമായിരുന്ന ദീപക് ചാഹറും ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവും ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പക്കുള്ള ടീമിന് പുറമെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. പ്രിയങ്ക് പഞ്ചാലാണ് എ ടീം നായകന്‍. പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, എന്നിവര്‍ എ ടീമില്‍ ഇടം നേടിയപ്പോള്‍ ഐപിഎല്ലില്‍ ബാറ്റിംഗില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ് രണ്ട് ടീമിലും ഇടം ലഭിച്ചില്ലെന്നത് നിരാശയായി.