കോട്ടയം: കീഴാറ്റൂര്‍ ദേശീയപാത ബൈപ്പാസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ബൈപ്പാസിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികരണവുമായി സുധാകരന്‍ രംഗത്തെത്തിയത്.
കീഴാറ്റൂരില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തോ ചെയ്ത മട്ടിലാണ് കേന്ദ്രത്തിന്റെ പെരുമാറ്റമെന്നും അലൈന്‍മെന്റ് തയാറാക്കിയതും ഭൂമി ഏറ്റെടുക്കാന്‍ തയാറായതും ദേശീയപാത അതോറിറ്റിയാണെന്നും സുധാകരന്‍ വ്യക്തമാക്കി. കീഴാറ്റൂരിന്റെ പേര് പറഞ്ഞ് ദേശീയപാത വികസനം തടസപ്പെടുത്താനാണെങ്കില്‍ ആ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
3ഡി അലൈന്മെന്റ് നോട്ടിഫിക്കേഷന്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. സമര സമിതി നേതാക്കളുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബൈപ്പാസിന്റെ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പരിഗണിക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല, ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്.