കാലാവധി പിന്നിട്ട താമസവിസക്കാര്‍ ഈ മാസം 11 നുള്ളില്‍ മടങ്ങണം: യുഎഇ

കൊവിഡ് കാലത്ത് വിസ കാലാവധി തീര്‍ന്നവര്‍ ഈ മാസം 11 ന് തിരിച്ചു മടങ്ങണം. പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2020 മാര്‍ച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീര്‍ന്ന റെസിഡന്റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവര്‍ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം.

വിസിറ്റിങ് വിസക്കാര്‍ക്ക് മടങ്ങാനുള്ള സമയം കഴിഞ്ഞമാസം അവസാനിച്ചിരുന്നു. മടങ്ങാത്ത വിസക്കാരില്‍ നിന്ന് എമിഗ്രേഷന്‍ പിഴ ഈടാക്കി തുടങ്ങി. പിഴ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ജി.ഡി.ആര്‍.എഫ്.എ, ഐസിഎ അധികൃതരെ സമീപിക്കാം. പരിഗണന അര്‍ഹിക്കുന്നവരാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഇളവ് നല്‍കാം.

ഈ മാസം 11ന് ശേഷവും മടങ്ങാത്ത താമസ വിസക്കാര്‍ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും. ആറ് മാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും. അതേസമയം, മാര്‍ച്ച് ഒന്നിന് മുന്‍പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് നവംബര്‍ 17 വരെ രാജ്യത്ത് തുടരാം.

Top