രഞ്ജി ട്രോഫി ക്രിക്കറ്റിനെക്കുറിച്ചുള്ള ഷര്‍ദുല്‍ താക്കൂറിന്റെ വാക്കുകള്‍ താന്‍ മനസിലാക്കുന്നു:രാഹുല്‍ ദ്രാവിഡ്

ഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റിനെക്കുറിച്ചുള്ള ഷര്‍ദുല്‍ താക്കൂറിന്റെ വാക്കുകള്‍ താന്‍ മനസിലാക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രഞ്ജി ട്രോഫി ടൂര്‍ണമെന്റിന് കൂടുതല്‍ ഇടവേളകള്‍ ആവശ്യമെന്ന് താക്കൂര്‍ പറഞ്ഞിരുന്നു. താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നത് കഠിനമായ മത്സരക്രമംകൊണ്ടെന്നും താക്കൂര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ദുലീപ് ട്രോഫി ക്രിക്കറ്റ് ആരംഭിച്ചു. ഐപിഎല്ലിന് തൊട്ടുപിന്നാലെയാണ് ഈ ടൂര്‍ണമെന്റ് നടന്നത്. ഇത് എല്ലാ താരങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ഒരു വലിയ സീസണാണ്. ഇതില്‍ എന്ത് മാറ്റം വരുത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആലോചിച്ച് തീരുമാനിക്കുമെന്നും ദ്രാവിഡ് പ്രതികരിച്ചു.

ഷര്‍ദുല്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്കുമുണ്ട്. ഇന്ത്യ പോലെയൊരു രാജ്യത്ത് ഓരോ മത്സരത്തിനായും വലിയ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി വരുന്ന മത്സരങ്ങള്‍ താരങ്ങളുടെ ആരോഗ്യം മോശമാക്കുന്നു. അതിനാല്‍ താരങ്ങളുടെ അവസ്ഥ കേള്‍ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് തയ്യാറാകും. രഞ്ജി ട്രോഫി ടൂര്‍ണമെന്റ് മത്സരക്രമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ദ്രാവിഡ് വ്യക്തമാക്കി.

Top