ഡല്‍ഹി: താന്‍ ആദ്യ പന്തില്‍ തന്നെ സിക്സ് അടിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്റെ ബാറ്റിങ് ശൈലിയെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ഐപിഎല്ലിന്റെ പുതിയ സീസണിലും ആദ്യം മുതലേ ആക്രമിച്ച് കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കളിക്കളത്തില്‍ എന്റേതായ ഒരു ബാറ്റിങ് ശൈലി സൃഷ്ടിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ആദ്യ പന്താണെങ്കില്‍ പോലും ഞാന്‍ സിക്സര്‍ അടിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ ചിന്താഗതിയില്‍ വന്ന മാറ്റമാണിത്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സിക്സ് അടിക്കാന്‍ എന്തിന് പത്ത് പന്തുകള്‍ വരെ കാത്തിരിക്കണം?’, സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.മാര്‍ച്ച് 22നാണ് ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മാര്‍ച്ച് 24ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.