2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവം. പുതിയ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട വെള്ളായനിയില്‍ എത്തിയ അഖില്‍ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന സ്ഥലം വെള്ളത്തില്‍ മുങ്ങുകയാണ് ഉണ്ടായത്. തന്റെ അവസ്ഥ വിവരിച്ച് അഖില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.
‘വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകള്‍ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയില്‍ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലില്‍ ഒബ്‌സര്‍വേഷനില്‍ ആണ്. കോളുകള്‍ എടുക്കാത്തതില്‍ ഭയപ്പെടേണ്ട. വെള്ളക്കെട്ടില്‍ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവില്‍ മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം’.- അഖില്‍ പി ധര്‍മജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയുടെ ഓസ്‌ക്കാര്‍ എന്‍ഡ്രി നേടിയ 2018 എന്ന സിനിമയുടെ സഹരചയിതാവാണ് നോവലിസ്റ്റ് കൂടിയായ അഖില്‍ പി ധര്‍മജന്‍. കേരളത്തിലെ പ്രളയം ആസ്പദമാക്കിയായിരുന്നു ജൂഡ് ആന്റണി 2018 എന്ന സിനിമയൊരുക്കിയത്.