കോഴിക്കോട്: വാഹനപരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് ആരോപിച്ച് സൈനികനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന് പരാതി. കോഴിക്കോട് മേപ്പയൂര്‍ പൊലീസിനെതിരെയാണ് സൈനികനായി അതുലിന്റെ പരാതി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മര്‍ദിക്കുകയായിരുന്നു. സൈനികനാണെന്ന് പറഞ്ഞിട്ടും മര്‍ദിച്ചെന്ന് അതുല്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് അതുല്‍ പരാതി നല്‍കി. വൈകിട്ട് ഏഴു മണിക്ക് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അതുല്‍ പറയുന്നു. ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നു അതുല്‍ പറയുന്നു. കൈവിലങ്ങണിയിച്ചിട്ട് മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് അതുല്‍ പറഞ്ഞു.
ചവിട്ടുകയും അടിക്കുകയും ചെയ്തു. കൈ വേദനിക്കുന്നുവെന്നും ആശുപത്രിയിലും പോകണമെന്ന് പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പൊലീസ് തയാറായില്ലെന്ന് അതുല്‍ പറയുന്നു. അവധിക്ക് നാട്ടിലെത്തിയതാണ് അതുല്‍. മൊബൈല്‍ ഫോണ്‍പിടിച്ചുവാങ്ങുകയും ചെയ്തു. പുറത്ത് നാട്ടുകാര്‍ കൂടിനില്‍ക്കുന്നത് കണ്ടാണ് മര്‍ദനം നിര്‍ത്താന്‍ പൊലീസ് തയാറായത്.
മര്‍ദനത്തില്‍ പരുക്കേറ്റ അതുലിനെ പേരാമ്പ്ര ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് തയാറായില്ലെന്ന് അതുല്‍ പറയുന്നു. എന്നാല്‍ അതുലിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതുല്‍ സ്റ്റേഷനിലേക്ക് എത്തുകയും പറാവ് നിന്ന പൊലീസുകാരനോട് മോശമായി പെരുമാറുകയും ചെയ്തെന്നും തുടര്‍ന്ന് ചെറിയ രീതിയിലുള്ള ഉന്തും തള്ളും നടന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അനന്തപുരി സോള്‍ജിയേഴ്സ് എന്ന സംഘടന മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.