മെസ്സി മൈതാനത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു: രൂക്ഷ വിമർശനവുമായി ജറോം റോട്ടൻ

യുവേഫാ ചാംപ്യൻസ് ലീഗിൽ രണ്ടു ഗോളിന്റെ അഗ്രിഗേറ്റ് സ്‌കോർ നേടിയെങ്കിലും മൂന്ന് ഗോൾ വഴങ്ങി പിഎസ്ജി റയലിനോട് കീഴടങ്ങി. ഇതിന് പിന്നാലെ മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പിഎസ്ജി മുൻ താരങ്ങൾ. റയലിനെതിരേയുള്ള മത്സരത്തിൽ മെസ്സി തന്റെ കഴിവ് പകുതി പോലും പുറത്തെടുത്തില്ലെന്നാണ് ആക്ഷേപം. മുൻതാരം ജറോം റോട്ടനാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. മെസ്സി മൈതാനത്തുകൂടി വെറുതേ ഉലാത്തുകയായിരുന്നു എന്നാണ് താരത്തിന്റെ വിമർശനം.

മെസ്സിയെ പോലെ ഒരാളെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് നാണക്കേടാണ്. ലൂക്കാമോഡ്രിക്ക് അയാളുടെ പോക്കറ്റ് വരെ പന്തുമായി വരുമ്പോൾ മെസ്സി ശ്രമം നടത്തിയതെല്ലാം പത്ത് മീറ്റർ അകലെ വെച്ചായിരുന്നു. അയാളുടെ പേര് സൂചിപ്പിക്കേണ്ടി വരുന്നത് പോലും എന്നെ അലട്ടുന്നു. കൂടുതൽ സമയവും മെസ്സി മൈതാനത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. മെസ്സിയുടെ കയ്യിൽ നിന്നും എല്ലാ പന്തും നഷ്‌പ്പെട്ടു. അദ്ദേഹം എടുക്കുന്ന പന്തെല്ലാം കൂട്ടപ്പൊരിച്ചിലായിരുന്നു. ഇതുവരെ പിഎസ്ജിയ്ക്കായി 50 ശതമാനം പോലും മത്സരം മെസ്സി കളിച്ചിട്ടില്ല. എന്നിട്ടും അയാൾ ക്ഷീണിച്ചു. ഇനി താരത്തിന് വേണ്ടി പരുക്കിൽ നിന്നും മടങ്ങിവന്നതേയുള്ളൂ എന്ന രീതിയിലെല്ലാമുള്ള ന്യായീകരണങ്ങൾ പറയാനാകില്ല റോട്ടൻ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന രീതിയിലുള്ള തന്റെ ഫോം 34 കാരനായ മെസ്സി ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതുവരെ എല്ലാ ടൂർണമെന്റുകളിലുമായി 25 മത്സരം കളിച്ച മെസ്സിയ്ക്ക് വെറും ഏഴുഗോളുകളെ നേടാനായിട്ടുള്ളൂ. അതേസമയം, പ്‌ളേമേക്കിംഗ് റോളിൽ മെസ്സി മികവ് കാട്ടുന്നുണ്ട്. ഇതുവരെ 11 അസിസ്റ്റുകൾ നൽകിക്കഴിഞ്ഞു.

Top