ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ഋഷി സുനക് തന്റെ നയങ്ങൾ വ്യക്തമാക്കി ആദ്യ പ്രസംഗം നടത്തി. രാജ്യത്തെ താൻ വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികൊണ്ട് തന്നെ ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ബ്രിട്ടനിലെ ജനങ്ങൾക്കായി താൻ രാപ്പകൽ പ്രവർത്തിക്കുമെന്നും സമഗ്രത, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവ ഗവൺമെൻറിനുണ്ടാകുമെന്നും ജനങ്ങളുടെ വിശ്വാസം താൻ ആർജിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രസംഗ വീഡിയോ ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ചിരുന്നു.
‘ഇപ്പോൾ, നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കോവിഡിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. യുക്രൈനിലെ പുടിന്റെ യുദ്ധം ലോകമെമ്പാടുമുള്ള ഊർജ്ജ വിപണികളെയും വിതരണ ശൃംഖലകളെയും അസ്ഥിരപ്പെടുത്തി’ സുനക് പറഞ്ഞു.’എന്റെ മുൻഗാമിയായ ലിസ് ട്രസിന് നന്ദിയറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അവർ ആഗ്രഹിച്ചു. മാറ്റമുണ്ടാക്കാൻ അവർ അക്ഷീണം പ്രയത്‌നിച്ചതിനെ ഞാൻ ആദരിക്കുന്നു’ ഋഷി സുനക് വ്യക്തമാക്കി.
സാമ്പത്തിക സുരക്ഷിതത്വവും ആത്മവിശ്വാസവും ഗവൺമെൻറിന്റെ പ്രധാന അജണ്ടയായിരിക്കുമെന്നും അതായത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് കാലത്ത് സ്വീകരിച്ച അനുകമ്പയുള്ള നടപടികൾ ഇപ്പോഴുള്ള പ്രശ്‌ന പരിഹാരത്തിലും സ്വീകരിക്കുമെന്നും വ്യക്തമാക്കി. വരും തലമുറയെ കടക്കാരാക്കി മാറ്റില്ലെന്നും പറഞ്ഞു.
‘പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ അവിശ്വസനീയമായ നേട്ടങ്ങൾക്ക് ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും, 2019-ൽ നമ്മുടെ പാർട്ടി നേടിയ ജനവിധി ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ലെന്ന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്കറിയാം. നമുക്കെല്ലാവർക്കും അവകാശപ്പെട്ടതും ഒന്നിപ്പിക്കുന്നതുമായ ഒരു ജനവിധിയാണത്. ആ വിജയത്തിന്റെ കാതൽ നമ്മുടെ പ്രകടനപത്രികയാണ്. അതിലെ വാഗ്ദാനം ഞാൻ നിറവേറ്റും’ പ്രസംഗത്തിൽ ഋഷി ചൂണ്ടിക്കാട്ടി.