പ്രകാശതീവ്രത കൂടിയ ഹെഡ്‌ലെറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

ഫെബ്രുവരി മുതല്‍ പ്രകാശ തീവ്രത അധികമുള്ള ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ ഗതാഗത വകുപ്പ്. ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ നടപടി കര്‍ശനമാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.

ജനുവരി 31 -നകം അനധികൃതമായി ഘടിപ്പിച്ച ഹെഡ്‌ലാമ്പ് ഊരിമാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാവും.

തീവ്രത കൂടിയ ഹെഡ്‌ലാമ്പ് ഘടിപ്പിച്ച് പിടിപ്പിച്ച വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നടപടിയുണ്ടാക്കുമെന്നും ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ വ്യക്തമാക്കി. ഹെഡ്‌ലാമ്പുകളുടെ അമിത പ്രകാശം കാരണം കേരളത്തില്‍ റോഡപകടങ്ങള്‍ കൂടി വരികയാണ്. ഇത്തരം ഹെഡ്‌ലാമ്പുകള്‍ എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച്ച തടസ്സപ്പെടുത്തും.

അമിത വെളിച്ചമുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് ഹെഡ്‌ലാമ്പുകള്‍ക്ക് സംസ്ഥാനത്ത് പ്രചാരം കൂടുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. മോഡിഫൈ ചെയ്ത വാഹനങ്ങളിലാണ് അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത്. ലക്‌സ് മീറ്റര്‍ മുഖേനയായിരിക്കും വാഹനങ്ങളുടെ പ്രകാശ തീവ്രത അളക്കുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യാമെന്നും സുപ്രീം കോടതി നേരത്തെ തന്നെ വിധിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടര്‍ന്നും വാഹനത്തില്‍. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ല. വലിയ അലോയ് വീലുകള്‍, ശബ്ദതീവ്രത കൂടിയ ഹോണുകള്‍, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ എന്നിവയെല്ലാം ഘടിപ്പിക്കുന്നത് അനധികൃത മോഡിഫിക്കേഷനില്‍പ്പെടും.

Top